ഉരുൾപൊട്ടലുണ്ടായിട്ടും കാടുവിട്ടിറങ്ങിയില്ല.. കൂടെ വന്നാൽ തേൻ മുഴുവൻ വാങ്ങാമെന്ന് മന്ത്രിയുടെ വാക്ക്.. ഒടുവിൽ ചേനന്റെ സമ്മതം…

വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടായി ഒരു നാട് തന്നെ മണ്മറഞ്ഞ പോയിട്ടും കാട് വിട്ടിറങ്ങാതെ ചേനൻ. ഒപ്പം ഭാര്യ ചെണ്ണ. പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മുണ്ടക്കൈയും ചൂരല്‍മലയും തുടച്ചു നീക്കപ്പെട്ടതിനെല്ലാം സാക്ഷിയായിട്ടും ചേനൻ കാടിറങ്ങിയില്ലെന്ന കാര്യം കഴിഞ്ഞ ദിവസമാണ് റവന്യൂമന്ത്രി കെ. രാജന്‍ അറിയുന്നത്.

തുടര്‍ന്ന് മന്ത്രി ചേനന് മുമ്പിലെത്തി. തേന്‍ ശേഖരണമാണ് തൊഴിലെന്ന് അറിഞ്ഞതോടെ താന്‍ മുഴുവന്‍ തേനും വാങ്ങാമെന്ന ഉറപ്പിലാണ് ചേനന്‍ ഭാര്യയെയും വിളിച്ച് കാടിറങ്ങിയത്. ജൂലൈ 30 ന് പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഭീതി പരത്തിയ അവസ്ഥ സംഭാഷണത്തിനിടയില്‍ ചേനന്‍ മന്ത്രിയെ ധരിപ്പിച്ചു. മലമുകളില്‍ താമസിക്കുന്നതിന്റെ അപകടാവസ്ഥ മന്ത്രി ചേനനെ ബോധ്യപ്പെടുത്തി. പണം നല്‍കി തേന്‍ വാങ്ങിയ മന്ത്രി സുരക്ഷിത സ്ഥാനത്തേക്ക് താമസം മാറ്റണമെന്നും വേണ്ട സൗകര്യം ചെയ്ത് തരാമെന്നും ഉറപ്പ് നല്‍കി.

വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു. വയനാട് സൗത്ത് ഡി.എഫ്.ഒ. കെ. അജിത്ത് അടക്കമുള്ളവര്‍ മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജനികാന്ത്, എസ്.ടി പ്രൊമോട്ടര്‍ രാഹുല്‍, അക്രെഡിറ്റഡ് എഞ്ചിനീയര്‍ അഭിഷേക് എന്നിവരെ ചേനന്റെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ക്കായി മന്ത്രിമാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button