ഈരേഴ വഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു
മാവേലിക്കര- മാവേലിക്കര ഡിപ്പോയിൽ നിന്നും ഈരേഴ വഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. മാവേലിക്കര ഡിപ്പോയിൽ നടന്ന ചടങ്ങിൽ എം.എസ്.അരുൺകുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്‌തു. കൺട്രോളിങ് ഇൻസ്പെക്‌ടർ സി.വിജയക്കുട്ടൻ, സ്‌റ്റേഷൻ മാസ്‌റ്റർ റെജി കുമാർ, കെ.ശ്രീകുമാർ, ജയൻ, സഹീദ്, ഫഹീം തുടങ്ങിയവർ പങ്കെടുത്തു. ആദ്യ സർവീസിൽ എം.എൽ.എയും യാത്രക്കാരനായി. വിവിധയിടങ്ങളിൽ പ്രദേശവാസികൾ ബസിനു സ്വീകരണം നൽകി. യാത്രക്കാർക്ക് ടിക്കറ്റ് നൽകിയും അവർ നൽകിയ മധുരം സ്വീകരിച്ചും ആദ്യയാത്ര എം.എൽ.എ ആഘോഷമാക്കി. ദിവസവും രാവിലെ 7ന് മാവേലിക്കര ഡിപ്പോയിൽ നിന്നു ഈരേഴ വഴി കരുനാഗപ്പള്ളിക്കു പോകുന്ന ബസ് അവിടെ നിന്നു തിരികെ 8.20 ഈരേഴ വഴി തിരുവല്ലക്കു പോകും. വൈകിട്ട് 4.05ന് കരുനാഗപ്പള്ളിയിൽ നിന്നു പുറപ്പെടുന്ന ബസ് ഈരേഴ വഴി മാവേലിക്കരയിലെത്തും.