അവസാന വോട്ട് രാത്രി 11.43ന്..പോളിംഗ് ശതമാനം കുത്തനെയിടിഞ്ഞു…..
ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനത്തില്‍ വൻ ഇടിവ്.പോളിങ് കുത്തനെ കുറഞ്ഞു.2019 ല്‍ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവാണുണ്ടായത് . പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതല്‍ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളില്‍ പോളിങ് ഗണ്യമായി കുറഞ്ഞു.
കനത്ത ചൂട് പോളിങ് കുറയാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ .ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍ പോലും പോളിംഗ് കുറഞ്ഞു. പോളിംഗ് ശതമാനത്തിലെ കുറവ് ആരെ തുണയ്ക്കും, ആരെ പിണക്കും എന്ന് ജൂണ്‍ നാലിനറിയാം. ഇതേസമയം പോളിംഗ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം.