‘മുഖ്യമന്ത്രിയുടെ റിപ്പോർട്ടിന് പൂജ്യം മാർക്ക്… വികസനം കുടുംബത്തിന് മാത്രം’…. ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പത്താം വർഷത്തെ പുരോഗതി റിപ്പോർട്ടിനെയും എൽഡിഎഫ് പ്രകടന പത്രികയിലെ തിരുത്തലുകളെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ റിപ്പോർട്ടിന് താൻ നൽകുന്നത് പൂജ്യം മാർക്കാണെന്നും കേരളത്തിൽ ഒരു വികസനവും നടന്നിട്ടില്ലെന്നും അദ്ദേഹം പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വികസനം ഉണ്ടായത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും മാത്രമാണ്. സാധാരണക്കാർക്ക് ഒരു ഗുണവും ലഭിച്ചിട്ടില്ല ചെന്നിത്തല ആരോപിച്ചു. പുരോഗതി റിപ്പോർട്ടിൽ യഥാർത്ഥത്തിൽ വരേണ്ടിയിരുന്നത് സ്വർണ്ണക്കൊള്ളയുടെയും അഴിമതിയുടെയും കണക്കുകളാണെന്നും അദ്ദേഹം പരിഹസിച്ചു.

പ്രകടന പത്രിക പുറത്തിറക്കിയ ശേഷം തിരുത്തേണ്ടി വന്നത് നാണക്കേടാണ്. എൽഡിഎഫ് പത്രിക മുഖ്യമന്ത്രി ഒരു തവണയെങ്കിലും വായിച്ചു നോക്കിയിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. പ്രകടന പത്രിക തയ്യാറാക്കിയത് തോമസ് ഐസക് ആണെന്നും അത് പിണറായിക്ക് ഐസക് കൊടുത്ത ‘പണി’യാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഐസക് ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെ വെട്ടിലാക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

Related Articles

Back to top button