എല്ലാ ശനിയാഴ്ചയും ഹാജരാകണം, ഫോൺ ചോർത്തൽ കേസിൽ യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം

കോട്ടയം സ്വദേശിയായ ഡോക്ടറുടെ ഫോൺ ചോർത്തി ഭീഷണിപ്പെടുത്തിയെന്ന കേസിൽ യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കർശന ഉപാധികളോടെ ജാമ്യം. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. എല്ലാ ശനിയാഴ്ചയും വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയിൽ അടുത്ത മൂന്ന് മാസം കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാണ് കോടതിയുടെ നിർദേശം. കേസിൽ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്.

സമാന സ്വഭാവമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടരുത്. പരാതിക്കാരനെയോ സാക്ഷികളെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. കേസിലെ പരാതിക്കാരനായ ഡോക്ടർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു കമന്റും നടത്തരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്ത കൊച്ചി പൊലീസിന്റെ നടപടിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബർ ഷാജൻ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തില്ലെന്നും ആയിരുന്നു സെഷൻസ് കോടതിയുടെ ചോദ്യം.

Related Articles

Back to top button