ക്ഷേത്രത്തിന് സമീപം യുവാക്കളുടെ തെറിവിളി… തടയാനെത്തിയ പൊലീസുകാരെ തല്ലി… 19 കാരൻ പിടിയിൽ…

തിരുവനന്തപുരം: പൊതുസ്ഥലത്ത് അസഭ്യം വിളിക്കുന്നത് തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. രാജാജി നഗർ സ്വദേശിയായ സിബിൻ (19) ആണ് കന്റോൺമെന്റ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നിലവിൽ കന്റോൺമെന്റ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാർച്ച് 22-ന് രാത്രി തമ്പാനൂർ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
റോഡിൽ യുവാക്കൾ തമ്മിൽ അസഭ്യം വിളിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നത് അറിഞ്ഞെത്തിയ പൊലീസുകാരെ പ്രതികൾ ചേർന്ന് തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. ഈ കേസിൽ പ്രതിയായ സൂരജിനെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. അക്രമത്തിൽ പങ്കാളിയായ മറ്റൊരു പ്രതി അഭിരാമിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ സിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



