പിഴ അടക്കുന്നതിനായി ട്രാഫിക് സ്റ്റേഷനിൽ എത്തി…പിന്നാലെ എഎസ്ഐയ്ക്ക് മർദ്ദനവും…

ട്രാഫിക് പൊലീസ് എഎസ്‌ഐയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. കൊയിലാണ്ടി എടക്കുളം സ്വദേശി നിഹാബ് അബൂബക്കറിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ട്രാഫിക് സ്റ്റേഷനിലെത്തിയ യുവാവ് എഎസ്ഐ സജീവനെ ആക്രമിക്കുകയായിരുന്നു.

ട്രാഫിക് നിയമ ലംഘനത്തിന് തനിക്ക് ലഭിച്ച പിഴ അടക്കുന്നതുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കാന്‍ ട്രാഫിക് സ്റ്റേഷനില്‍ എത്തിയതായിരുന്നു നിഹാബ് അബൂബക്കര്‍. ആദ്യം സ്റ്റേഷനിലെത്തിയ ഇയാള്‍ ഫൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയും തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ കുറച്ചുകഴിഞ്ഞ് വീണ്ടുമെത്തി എഎസ്‌ഐയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

നിഹാബിനെ സംഭവ സ്ഥലത്തുവെച്ചു തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിന്‍റെ ആക്രമണത്തിൽ ട്രാഫിക് പൊലീസ് എ.എസ്.ഐ സജീവന് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വാക്കേറ്റത്തിനിടെ നിഹാബ് എ.എസ്.ഐയുടെ യൂണിഫോം പിടിച്ചുവലിക്കുകയും ചവിട്ടുകയും ചെതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ എഎസ്‌ഐ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിയിട്ടുണ്ട്.

Related Articles

Back to top button