രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഓണാശംസ പോസ്റ്റ്..കമൻ്റുമായി യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ…
രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ഓണാശംസ പോസ്റ്റിൽ കമൻ്റുമായി യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ. ‘Happy Onam’ എന്ന കമൻ്റാണ് രാഹുലിൻ്റെ പോസ്റ്റിന് കീഴെ ഫാത്തിമ തഹ്‌ലിയ പങ്കുവെച്ചിരിക്കുന്നത്. പൊതുരംഗത്ത് നിൽക്കുന്ന കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരാരും രാഹുലിൻ്റെ പോസ്റ്റിന് കമൻ്റ് ചെയ്തിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ഫാത്തിമയുടെ കമൻ്റിനെ ടാഗ് ചെയ്ത് ‘നിലപാടിൻ്റെ രാജകുമാരി’ എന്ന പരിഹാസ കമൻ്റും പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഫാത്തിമ തഹ്‌ലിയ രംഗത്ത് വന്നിരുന്നു. രാഹുലിനെതിരായ എല്ലാ പരാതികളും വിശ്വസനീയമെന്നായിരുന്നു തഹ്‌ലിയയുടെ പ്രതികരണം. ആ സ്ത്രീകളുടെ മാനസികാവസ്ഥ മനസിലാക്കുന്നുവെന്നും തഹ്‌ലിയ പറഞ്ഞിരുന്നു. ഇതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഓണാശംസ പോസ്റ്റിന് കീഴെ ഫാത്തിമ തഹ്‌ലിയ കമൻ്റ് പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരസ്യപ്രതികരണം നടത്തിയ ഉമാ തോമസ് എംഎൽഎ, ബിന്ദു കൃഷ്ണ, കെ സി വേണുഗോപാലിന്റെ ഭാര്യ എ ആശ, സ്‌നേഹ, താര ടോജോ ഉൾപ്പെടെയുള്ളവർ കടുത്ത സൈബർ ആക്രമണത്തിന് ഇരയായിരുന്നു. സ്ത്രീകളെ ചേർത്തുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഉമാ തോമസ് രാഹുലിനെ വിമർശിച്ചത്. സ്ത്രീകൾക്കൊപ്പമാണ് പാർട്ടി എന്നും നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ രാഹുലിന് പാർട്ടിയിൽ തുടരാൻ അർഹതയില്ല. രാഹുൽ രാജിവെയ്ക്കണം എന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമുണ്ടാകില്ല. ഇത്തരത്തിലുള്ള ആളുകളെ വെച്ചുപൊറുപ്പിക്കില്ല എന്ന കാര്യം ഉറപ്പാണ്. രാജിവെയ്ക്കാത്ത പക്ഷം രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. ഇങ്ങനെ ഒരാളെ പാർട്ടിക്ക് വേണ്ടെന്നും ഉമാ തോമസ് എംഎൽഎ പറഞ്ഞിരുന്നു.
ഇതിനിടെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസിൽ എഫ്‌ഐആർ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ സമർപ്പിച്ചത്. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണിൽ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങൾ അയച്ചു തുടങ്ങിയ കേസുകളാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പേരുടെ പരാതികളിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്.