ഞങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കുന്നില്ല.. യുവനേതാക്കള്‍ പരാതിയുമായി ഹൈക്കമാന്‍ഡിന് മുന്നില്‍…
തങ്ങളുടെ കഴിവുകള്‍ വേണ്ട വിധം പാര്‍ട്ടി ഉപയോഗപ്പെടുത്താത്തതിൽ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നിൽ.. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുന്‍ഷിയെയാണ് യുവ നേതാക്കള്‍ പരിഭവം അറിയിച്ചത്.സിപിഎം അതിന്റെ രണ്ടാം നിരയെ നേതൃരംഗത്തെക്ക് ഉയര്‍ത്തുമ്പോള്‍, ഏറെ ജനകീയരായ യുവനേതാക്കളെ പോലും വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്നാണ് പരാതി.
കൂടിക്കാഴ്ച നടന്നതായി ദീപാദാസ് മുന്‍ഷിയും യുവനേതാക്കളും സ്ഥിരീകരിച്ചു.സംഘടനാ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന നേതൃത്വത്തിന്റെ രീതിയോടും സമീപനത്തോടും യുവനേതാക്കള്‍ അതൃപ്തി അറിയിച്ചു. ‘ഞങ്ങളെ നിശബ്ദരാക്കനായി അത്തരം സാഹചര്യങ്ങളില്‍ അവര്‍ പക്വതയില്‍ ഊന്നുന്നു’ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ യുവ എംഎല്‍എ പറഞ്ഞു. എകെ ആന്റണി 30ാം വയസ്സില്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമായി. അന്ന് പക്വതയുടെ ചോദ്യമൊന്നുമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് എത്തിയെങ്കിലും അതിനുവേണ്ട മുന്നൊരുക്കങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും യുവനേതാക്കള്‍ ദീപാദാസ് മുന്‍ഷിയെ അറിയിച്ചു. ഇന്ദിരാഭവനില്‍ ചേര്‍ന്ന യുവനേതാക്കളുടെ യോഗത്തിലേക്ക് ചാണ്ടി ഉമ്മനും സിആര്‍ മഹേഷിനും ക്ഷണം ഉണ്ടായിരുന്നില്ല. അത്തരമൊരു യോഗത്തെക്കുറിച്ച് ആരും തന്നെ അറിയിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.