തുറവൂരിൽ പൊലീസ് മർദ്ദിച്ചതായി ആരോപണമുയർന്ന യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിലെ തുറവൂർ ടിഡി ക്ഷേത്രക്കുളത്തിൽ 38 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് മേനാശ്ശേരി സ്വദേശി സമ്പത്താണ് (38) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മുതൽ ഇയാളെ കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച തുറവൂരിലെ മഹാക്ഷേത്രത്തിന്റെ ശ്രീകോവിലിൽ അതിക്രമിച്ച് കടന്നതിന് യുവാവിനെ ക്ഷേത്രം ജീവനക്കാർ തടഞ്ഞുവെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തി ഇയാളെ ചോദ്യം ചെയ്യുകയും ക്ഷേത്ര പരിസരത്ത് വെച്ച് ഇയാളുടെ കരണത്തടിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
ക്ഷേത്രത്തിലെത്തിയ ഭക്തരാണ് യുവാവ് ശ്രീകോവിലിന് ഉള്ളിലേക്ക് അതിക്രമിച്ച് കയറിയാതായി കണ്ടത്. തുടർന്ന് ഇവർ ഭാരവാഹികളെ വിവരം അറിയിക്കുകയും ഭാരവാഹികൾ ചേർന്ന് യുവാവിനെ പിടിച്ച് വെച്ച ശേഷം പൊലീസിന് കൈമാറുകയുമായിരുന്നു. കസ്റ്റഡിയിലുള്ള ഇയാളെ പിന്നീട് കുടുംബാംഗങ്ങൾക്കൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു. പ്രതി മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് കുടുംബം അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ കേസെടുക്കാതെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചത്. ഇതേതുടർന്ന് തിങ്കളാഴ്ച പുലർച്ച മുതൽ യുവാവിനെ കാണാതാകുകയും ഇന്ന് രാവിലെ തുറവൂരിലെ ടി ഡി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


