നാട്ടുകാരും പൊലീസും കാഴ്ചക്കാരായി..യുവാവ് രക്തംവാർന്ന് നടുറോട്ടിൽ കിടന്നത് അര മണിക്കൂറോളം..ഒടുവിൽ ദാരുണാന്ത്യം…
അപകടത്തിൽപെട്ട് അരമണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറനല്ലൂർ സ്വദേശി വിവേക് (23) ആണ് മരിച്ചത്. നാട്ടുകാരും പൊലീസും സമയോചിതമായ ഇടപെടൽ നടത്താത്തത് മൂലമാണ് യുവാവിന് ജീവൻ നഷ്ടമായതെന്ന് പരാതിയുണ്ട്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി 12.40 നാണ് മാറനല്ലൂർ മലവിള പാലത്തിന് സമീപം യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്.
ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അരമണിക്കൂറിൽ അധികമാണ് യുവാവ് റോഡിൽ രക്തം വാർന്ന് കിടന്നത്.ആശുപത്രിയിൽ എത്തിയപ്പോൾ താമസിച്ചു പോയിരുന്നു.108 ആംബുലൻസ് സമരത്തിലായതിനാൽ സ്വകാര്യ ആംബുലൻസ് എത്തിക്കാൻ വേണ്ടിയാണ് സമയമെടുത്തതെന്ന് പൊലീസ് പറയുന്നു.ഇതുവഴി വാഹനത്തിൽ പോയവരൊന്നും സഹായിക്കാൻ തയ്യാറായില്ല. മാറനല്ലൂർ പൊലീസ് സ്ഥലത്ത് വന്ന് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി . ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.യുവാവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.