കെട്ടിടത്തിൽ ആരോ കിടന്നുറങ്ങുന്നുവെന്ന് അറിയിപ്പ്, പരിശോധിക്കാനെത്തി ഉടമ; ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം

കാസർകോട് നുള്ളിപ്പാടിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ ലിഫ്റ്റിനായി എടുത്ത കുഴിയിലാണ് കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തിൽ അടിയേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും പാടുകൾ ഉള്ളതായി പൊലീസ് പരിശോധനയിൽ വ്യക്തമായി. കാസർകോട് നഗരത്തിന് സമീപം നുള്ളിപ്പാടിയിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിലാണ് കർണാടക സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് നില കെട്ടിടത്തിന്റെ ലിഫ്റ്റിനായി എടുത്ത കുഴിയിലായിരുന്നു മൃതദേഹം. കെട്ടിടത്തിൽ ചിലർ കിടന്നുറങ്ങുന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധിക്കാൻ കെട്ടിട ഉടമ എത്തിയപ്പോഴാണ് ഒരാൾ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഉടമ പോലീസിനെ വിവരം അറിയിച്ചു.

കാസർകോട് ഇൻസ്‌പെക്ടർ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഫയർഫോഴ്സ് എത്തിയാണ് കുഴിയിൽ നിന്ന് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹത്തിൽ അടിയേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും പാടുകൾ ഉള്ളതായി പൊലീസ് പരിശോധനയിൽ വ്യക്തമായി. സമീപം ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാം എന്ന സംശയമാണ് ബലപ്പെടുന്നത്. ബംഗ്ളൂരു സ്വദേശിയായ മഞ്ചുനാഥ എന്നായാളാണ് മരിച്ചതെന്നാണ് നിഗമനം. സ്ഥലത്തു നിന്നു ലഭിച്ച ആധാർ കാർഡാണ് ഇത്തരമൊരു സംശയത്തിനു കാരണം. ഇയാൾ ആരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Articles

Back to top button