‘കോൺഗ്രസിൽ നിലനിൽക്കാൻ ഉന്നതകുലജാതിയിൽ ജനിക്കണം..പ്രസ്ഥാനം വർഗീയശക്തികളുടെ അടിമത്വത്തിലാണ്…
എസ്‌സി വിഭാഗക്കാരനായതിനാൽ കോൺഗ്രസ് നേതാക്കളിൽ നിന്ന് ജാതി വിവേചനം നേരിടുന്നെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രാജിവെച്ചു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എ.പി വിഷ്ണുവാണ് ജാതി വിവേചനത്തിന്റെ പേരിൽ രാജിവെച്ചത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണ് താനെന്ന് വിഷ്ണു രാജിക്കത്തിൽ പറഞ്ഞു.
എസ്‌സി വിഭാഗക്കാരനായതിനാൽ കഴക്കൂട്ടത്തെ കോൺഗ്രസ് നേതാക്കൾ ഒരു പരിപാടിയിലും തന്നെ സഹകരിപ്പിക്കുകയോ പരിപാടികൾ അറിയിക്കുകയോ ചെയ്യാറില്ല. നേതൃത്വം മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ്. നേതാക്കൻമാരുടെ പെട്ടിയെടുക്കുകയും ഉന്നത കുലത്തിൽ ജയിക്കുകയും ചെയ്താൽ മാത്രമേ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലനിൽക്കാൻ സാധിക്കൂ എന്ന തിരിച്ചറിവ് തന്നെ വേദനിപ്പിക്കുന്നുവെന്നും വിഷ്ണു രാജിക്കത്തിൽ പറഞ്ഞു.