നാളെ പരീക്ഷ എഴുതാൻ അവനില്ല…ജീവിക്കാനുള്ള അവകാശം കവർന്നവർക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നൽകരുത്…

താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ അരുംകൊല ചെയ്ത പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവന പുറത്തിറക്കി.

കേസിലെ പ്രതികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറയുന്നു. ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുത് എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി. താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നിലവില്‍ വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലാണ് വിദ്യാര്‍ത്ഥികളുള്ളത്. നാളെയാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പൊലീസ് സംരക്ഷണത്തില്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കുന്നുണ്ട്. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button