കോട്ടയം മെഡിക്കൽ കോളജിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം…പൊലീസിന് നേരെ കല്ലേറ്….
കോട്ടയം മെഡിക്കൽ കോളജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി വിവിധ ഇടങ്ങളിൽ പ്രതിഷേധം ശക്തമാണ്. ജലപീരങ്കി പ്രയോഗിച്ച പൊലീസുകാർക്ക് നേരെ പ്രവർത്തകർ കല്ലേറ് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിന്റെ നേത്യത്വത്തിലാണ് കോട്ടയത്ത് പ്രതിഷേധം നടക്കുന്നത്.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകർ പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. പൊലീസ് ലാത്തി വീശി. ചിലയിടങ്ങളിൽ ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയിൽ ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.