ടോൾ പിരിവിനെതിരെ പാലിയേക്കരയിൽ യൂത്ത് കോൺഗ്രസ് മാർച്ച്..വെള്ളം തീരും വരെ ജലപീരങ്കി..സംഘർഷം…

ദേശീയപാത പാലിയേക്കര ടോൾ പിരിവിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിനിടെ സംഘർഷം. യൂത്ത് കോൺഗ്രസ്സ് പുതുക്കാട്, ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ചാണ് പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ 14 പേരെ അറസ്റ്റ് ചെയ്തു.

പാലിയേക്കര മേൽപ്പാലത്തിന് സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് ടോൾപ്ലാസയ്ക്ക് സമീപം തടഞ്ഞതോടെ പ്രവർത്തകർ പൊലീസിന് എതിരെ തിരിയുകയായിരുന്നു. ദേശീയപാതയുടെ തൃശ്ശൂർ ഭാഗത്തേക്കുള്ള ട്രാക്ക് പകുതിയോളം ബാരിക്കേഡ് വച്ച് പൊലീസ് പ്രതിരോധം തീർത്തിരുന്നു. അതോടെ പ്രവർത്തകർ ദേശീയപാതയുടെ ഒരുവശത്ത് ഇരുന്ന് പ്രതിഷേധിച്ചു.

മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറികടന്ന മുന്നോട്ട് നീങ്ങിയതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു ടാങ്ക് വെള്ളം തീർന്നിട്ടും പ്രവർത്തകർ ദേശീയപാതയിൽ നിന്ന് മാറിയില്ല. തുടർന്ന് പ്രവർത്തകർ ദേശീയപാത ഉപരോധിച്ച് വാഹനങ്ങൾ തടഞ്ഞു. അതോടെ ടോൾപ്ലാസയിൽ വൻ ഗതാഗതക്കുരുക്കായി. ഞൊടിയിടയിൽ ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ടനിരയായി. ദേശീയപാതയിൽ കിടന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

ജോസ് വള്ളൂർ, കെ ഗോപാലകൃഷ്ണൻ , ടി എം ചന്ദ്രൻ, ശോഭ സുബിൻ , സി പ്രമോദ്, ഹരീഷ് മോഹൻ ,സുഷിൽ ഗോപാൽ, ഫൈസൽ ഇബ്രാഹിം, അൽജോ ചാണ്ടി, ഷെറിൻ തേർ മഠം, കെ മനോജ് കുമാർ , ഹരൺ ബേബി എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.

Related Articles

Back to top button