വ്യാജ തിരിച്ചറിയൽ കാർഡ്: യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രാഥമിക അംഗത്വ പട്ടിക റദ്ദാക്കി…
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാനത്തെ പ്രാഥമിക അംഗത്വ പട്ടിക മൂവാറ്റുപുഴ മുൻസിഫ് കോടതി റദ്ദാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിലാണ് കോടതിയുടെ നടപടി. മൂവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലാൽ ജമാലിന്റെ ഹർജിയിലാണ് നടപടി. ഹർജിക്കാർക്ക് യൂത്ത് കോൺഗ്രസ് ദേശീയ – സംസ്ഥാന നേതൃത്വങ്ങൾ കോടതിച്ചെലവ് നൽകണമെന്നും മുൻസിഫ് കോടതിയുടെ ഉത്തരവിട്ടു.
വ്യാജ തിരിച്ചറിയൽ കാർഡിൽ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ ആബിദ് അലി ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ആബിദ് അലിയെ സംസ്ഥാന നേതൃത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയായിരുന്നു നടപടി. അഭിഭാഷകൻ കൂടിയായ ആബിദ് അലി ഹർജിക്കാരനായ ലാൽ ജമാലിന് വേണ്ടി മുൻസിഫ് കോടതിയിൽ ഹാജരായി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ പുറത്ത് വന്നിരുന്നു . യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുവെന്ന ആരോപണം വന്നത്. വിവിധ ജില്ലകളിൽ നിന്നായി നിരവധി പരാതിയാണ് ഉയർന്നത്. മൂന്നര ലക്ഷത്തിലധികം വോട്ടുകൾ ചേർത്തെന്നായിരുന്നു ലഭിച്ച വിവരം.