ജാമ്യത്തിലിറക്കാന്‍ എത്തിയില്ല.. മർദ്ദനം.. ഗുണ്ടകളുടെ ഭീഷണി.. പിന്നാലെ യുവാവിന്റെ ആത്മഹത്യ….

ഗുണ്ടകളുടെ ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. ബാബുവെന്ന യുവാവിനെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭീഷണിയെത്തുടര്‍ന്നാണ് മരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.കൊച്ചി തിരുവാങ്കുളത്ത് ആണ് സംഭവം.ഗുണ്ടകളായ ഹരീഷ്, മാണിക്യന്‍ എന്നിവര്‍ മര്‍ദിച്ചതിന് ശേഷമാണ് ബാബു ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും അഞ്ചാം തിയതി ബാബുവിനെ ആക്രമിച്ചിരുന്നു. അടിപിടി കേസില്‍ ജാമ്യത്തിലിറക്കാന്‍ ബാബു എത്തിയില്ലെന്ന കാരണം പറഞ്ഞായിരുന്നു മര്‍ദനം. ഇതേ തുടര്‍ന്ന് ബാബു പൊലീസില്‍ പരാതി നല്‍കി. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹില്‍പാലസ് പൊലീസ് ബാബുവിന്റെ പരാതിയില്‍ കേസെടുത്തിരുന്നു. രണ്ടു പ്രതികളും ഒളിവിലാണ്. ഹരീഷ് രണ്ടു കൊലപാതക കേസുകളില്‍ പ്രതിയാണ്. ബാബുവും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

നാട്ടിലെ ഗുണ്ടകളായ ഹരീഷും മാണിക്യനും കുറച്ചുനാളുകള്‍ക്ക് മുന്നേ ഒരു അടിപിടിക്കേസില്‍ അറസ്റ്റിലായിരുന്നു. ഈ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ബാബു സാക്ഷി പറയാന്‍ ചെല്ലാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും എത്തിയില്ല. ഇതെത്തുടര്‍ന്ന് മൂവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്. ഹരീഷിനും മാണിക്യനുമെതിരെ ഹില്‍പാലസ് പൊലീസിന് നല്‍കിയ പരാതിയുടെ എഫ്‌ഐആറിന്റെ പുറകിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Related Articles

Back to top button