പാതിരാത്രിയിൽ കാമുകി വീട്ടിലേക്ക് വിളിച്ചുവരുത്തി.. യുവതിയുടെ ബന്ധുക്കൾ പിടിച്ചുകെട്ടിയത് കള്ളനെന്നാരോപിച്ച്. പിന്നെ നടന്നത്…
പാതിരാത്രിയിൽ കാമുകിയെ കാണാനെത്തിയ യുവാവിന് ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. രാജു യാദവ് എന്ന യുവാവിനാണ് ക്രൂരമായ മർദ്ദനമേറ്റത്. വിധവയായ യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. പാതിരാത്രിയിൽ കാമുകി ക്ഷണിച്ചതനുസരിച്ചാണ് ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്. എന്നാൽ, കള്ളനെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ഇയാളെ പിടികൂടുകയും ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 24നാണ് സംഭവം നടന്നത്. രാത്രി 12 മണിക്ക് ശേഷം യുവതി രാജുവിനെ വീട്ടിലേക്ക് വിളിച്ചു. വീട്ടിലെത്തിയ രാജുവിനെ യുവതിയുടെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. യുവാവ് മോഷ്ടിക്കാനെത്തിയതാണ് എന്നാരോപിച്ച് മരത്തിൽ കെട്ടിയിട്ട് ഇരുമ്പദണ്ഡ് ഉപയോഗിച്ച് അടിച്ചു. ഇരുമ്പുപാത്രം ചൂടാക്കി അതിൽ ഇരുത്തി. നഗ്നനാക്കി, തല മുണ്ഡനം ചെയ്തു. ബോധരഹിതനായ യുവാവിനെ സമീപത്തുള്ള പാടത്തേക്ക് വലിച്ചിഴച്ചു, തുടർന്ന് മുഖത്ത് മൂത്രമൊഴിച്ചു.
യുവതിയുടെ ബന്ധുക്കളായ സത്യേന്ദ്ര യാദവ്, പുനീത് യാദവ്, ജസ്വിന്ദ് ജിതേന്ദ്ര, സുമിത് യാദവ് എന്നിവരാണ് യുവാവിനെ മർദിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള രണ്ടുപേരെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.
മർദനത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾ തന്നെയാണ് വീഡിയോ ചിത്രീകരിച്ചതും. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതും പ്രതികളെ പിടികൂടിയതും.