കായംകുളത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ; വൈശാഖിൽ നിന്നും പിടികൂടിയത് 32 ഗ്രാം എംഡിഎംഎ
ആലപ്പുഴ: കായംകുളത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ. കൃഷ്ണപുരം സ്വദേശി തൈയ്യിൽ വീട്ടിൽ വൈശാഖ് (27) ആണ് അറസ്റ്റിലായത്. 32 ഗ്രാം എം.ഡി.എം.എയും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
ഇയാൾ അന്യ സംസ്ഥാനത്തു നിന്ന് എം.ഡി.എം.എ എത്തിച്ച് ആലപ്പുഴജില്ലയിൽ ചില്ലറ വിൽപ്പന നടത്തുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് വൈശാഖിനായി വലവിരിച്ചത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് വൈശാഖ് പിടിയിലായത്.
കായംകുളം, കൃഷ്ണപുരം എന്നിവടങ്ങൾ കേന്ദ്രമാക്കിയായിരുന്നു ഇയാളുടെ ലഹരികച്ചവടം.ഇയാൾ കേരളത്തിന് വെളിയിൽ പോയി വരുമ്പോൾ വൻ തോതിൽ എംഡിഎംഎ കൊണ്ട് വന്നാണ് ചില്ലറ വിൽപ്പന നടത്തിയിരുന്നത്. ലഹരി വസ്തുക്കളുമായി ആദ്യമായാണ് ഇയാൾ പിടിയിലാകുന്നത്. മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് വൈശാഖിനെ നീരിക്ഷിച്ചു വരികയായിരുന്നു.