വിവാഹത്തിന് പിന്നാലെ ആലപ്പുഴ അർത്തുങ്കൽ സ്വദേശിയായ യുവാവ് പീഡനക്കേസിൽ അറസ്റ്റിൽ

കൊച്ചി: വിവാഹത്തിന് പിന്നാലെ യുവാവ് പീഡനക്കേസിൽ അറസ്റ്റിൽ. ആലപ്പുഴ അർത്തുങ്കൽ സ്വദേശി അതുൽ നെൽസനാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് അതുൽ നെൽസനെ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. ഇയാളുടെ കാമുകിയാണ് പരാതിക്കാരി. മറ്റൊരു കാമുകിയെയാണ് ഇയാൾ വിവാഹം കഴിച്ചതും.
മൂവാറ്റുപുഴയിൽ ബേക്കറി ജീവനക്കാരനായ അതുൽ വിവാഹിതനാണ്. ഭാര്യയുമായി വേർപിരിഞ്ഞാണ് താമസം. ഇതിനിടെയാണ് ഒരേസമയം രണ്ട് യുവതികളുമായി പ്രണയത്തിലായത്. കഴിഞ്ഞ ദിവസം അതുൽ കാമുകിമാരിൽ ഒരാളെ വിവാഹം കഴിച്ചു. ആദ്യ വിവാഹം വേർപെടുത്തും മുമ്പായിരുന്നു ഈ വിവാഹം. കാമുകൻ വിവാഹം കഴിച്ചതറിഞ്ഞ രണ്ടാമത്തെ കാമുകി ഇതോടെ പൊലീസിൽ പീഡന പരാതി നൽകുകയായിരുന്നു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതി. ഇതേ തുടർന്ന് താൻ ഗർഭിണിയാണെന്നും യുവതി പരാതിയിൽ പറയുന്നു. എറണാകുളം നോർത്ത് സ്റ്റേഷൻ പിരിധിയിലെ ഹോട്ടലിൽ വച്ചായിരുന്നു പീഡനം. ആദ്യ ഭാര്യയുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനിയിൽ ഇരിക്കെയാണ് രണ്ടാമതും വിവാഹിതനായതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

