വാടകവീടിന്റെ ടെറസിൽ മൃതദേഹം കണ്ടെത്തിയ സംഭവം..ഭാര്യ അറസ്റ്റിൽ…
മുടവൂർ തവളക്കവലയിലെ വാടകവീടിന്റെ ടെറസിൽ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ.അസം സ്വദേശി ബാബുൾ ഹുസൈന്റെ മൃതദേഹമാണ് കണ്ടെത്തിയത്.സംഭവത്തിൽ ഹുസൈന്റെ രണ്ടാംഭാര്യയായ സെയ്ദ ഖാത്തൂണിനെയാണ് (38)അസമിൽനിന്ന് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അസം സ്വദേശി ബാബുൾ ഹുസൈന്റെ (40) മൃതദേഹം മുടവൂർ തവളക്കവല കൊച്ചുകുടിയിൽ തോമസ് പോളിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ടെറസിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടായിരുന്നു. സംഭവത്തെതുടർന്ന് ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ഭാര്യയെയും ഭാര്യസഹോദരിയെയും കുട്ടിയെയും ഇവിടെനിന്ന് കാണാതായിരുന്നു. ബാബുളിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പൊലീസ് കഴിഞ്ഞ ദിവസം അസമിലെത്തി സെയ്ദ ഖാത്തൂണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാബുളിന്റെ മർദനം സഹിക്കാനാകാതെയാണ് കൊലപാതകം നടത്തിയതെന്നാണ് സെയ്ദ പൊലീസിനോട് പറഞ്ഞത്. ബാബുൾ ഉറങ്ങിക്കിടക്കുമ്പോൾ കൊലപ്പെടുത്തുകയായിരുന്നു.