വിജയ സാധ്യത നോക്കി യുവാക്കളെ സ്ഥാനാർത്ഥികളാക്കും…സാദിഖലി ശിഹാബ് തങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പം ഇരിക്കുമെന്നും നീക്കുപോക്കുകൾ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സീറ്റ് വെച്ചുമാറുന്ന കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിക്കും. യുവാക്കളുടെ കാലമാണിത്. വിജയ സാധ്യത നോക്കി അവരെ സ്ഥാനാർത്ഥികളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി ഐക്യം സംബന്ധിച്ചും സാദിഖലി തങ്ങൾ പ്രതികരിച്ചു. സുന്നി ഐക്യം അനിവാര്യമായിരുന്നു. ആരും അതിനെ എതിർക്കുന്നില്ല. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുകൂലമായി പ്രതികരിച്ചതിൽ സന്തോഷമുണ്ട്. പാണക്കാട് കുടുംബവും മുസ്‌ലിം ലീഗും ഇക്കാര്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല ഐക്യം. താനും പാണക്കാട് കുടുംബവും ഐക്യ ചർച്ചയുടെ ഭാഗമായിട്ടുണ്ട്. ഐക്യ ചർച്ചയിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യമില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.



