കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കൾ നാട്ടിലേക്ക്…
കംബോഡിയയിൽ ഓൺലൈൻ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കൾ ഒടുവിൽ നാട്ടിലേക്ക്. എട്ട് യുവാക്കളാണ് കംബോഡിയയിൽ കുടുങ്ങിയത്. ഇതിൽ ഏഴു പേർ കൊച്ചിയിലേക്കു പുറപ്പെട്ടു.ഇവർ നാളെ നാട്ടിലെത്തും.തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ ഇനിയും മലയാളികൾ ഉണ്ടെന്നാണ് സൂചന. മൂന്ന്പേരടങ്ങിയ മലയാളി സംഘമാണ് ജോലി വാഗ്‌ദാനം ചെയ്ത് ഇവരെ കംബോഡിയയിലേക്ക് എത്തിച്ചത്.വടകര സ്വദേശികളായ എട്ട് യുവാക്കളാണ് കംബോഡിയയിൽ മനുഷ്യക്കടത്തിന് ഇരയായി കുടുങ്ങിയത്. തായ്‌ലൻഡിൽ പരസ്യ കമ്പനിയിലെ തൊഴിലിനെന്ന് പറഞ്ഞ് കൊണ്ടുപോയ യുവാക്കളെ, ഓൺലൈൻ തട്ടിപ്പുകാരായ ഒരു കംബോഡിയൻ കമ്പനിക്ക് പിന്നീട് മറിച്ചുനൽകുകയായിരുന്നു. ആ ജോലി ചെയ്യാൻ കഴിയാതെ വന്നപ്പോൾ യുവാക്കളെ കമ്പനി ക്രൂര മർദ്ദനത്തിന് ഇരയാക്കിയിരുന്നു.
കെ കെ രമ എംഎൽഎ ഉൾപ്പെടെ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് വിഷയത്തിൽ ഇടപെട്ടിരുന്നു.ഇതോടെയാണ് യുവാക്കൾക്ക് തിരിച്ചുവരാനുള്ള വഴി തെളിഞ്ഞത്. നിലവിൽ സംഘത്തിലെ ഒരാൾ ഇപ്പോഴും കുടുങ്ങികിടക്കുകയാന്നെന്നും, ആ യുവാവ് സുരക്ഷിതനായിരിക്കുന്നുവെന്നുമാണ് വിവരം.




