തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു….മരിച്ചത് നിരവധി കേസുകളിലെ പ്രതി…

തിരുവനന്തപുരം: പാറശ്ശാല പൊഴിയൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. പാറശ്ശാല സ്വദേശി മനോജാ(40)ണ് മരിച്ചത്. പനകയറ്റ തൊഴിലാളിയായ പൊഴിയൂര്‍ സ്വദേശി ശശിധരനാണ് കൊലപ്പെടുത്തിയത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മനോജും ശശിധരനും തമ്മില്‍ ഇന്ന് വാക്കുതര്‍ക്കത്തിലേർപ്പെടുകയും പിന്നാലെയത് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് മരിച്ച മനോജ്. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലും ഇയാളുടെ പേരുണ്ട്.
മദ്യലഹരിയിലായിരുന്ന മനോജ് തന്റെ കൈവശമുണ്ടായിരുന്ന കത്തി മോഷ്ടിച്ചുവെന്ന് ആരോപിച്ച് പനകയറ്റ തൊഴിലാളിയായ ശശിധരനുമായി വാക്കേറ്റമുണ്ടാവുകയും ശശിധരന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു. പ്രകോപിതനായ ശശിധരൻ തന്റെ പക്കലുണ്ടായിരുന്ന പനചെത്തു കത്തി ഉപയോഗിച്ച് മനോജിനെ ക്രൂരമായി വെട്ടുകയായിരുന്നു. മനോജിന്റെ കയ്യിലും കാലിലും ഗുരുതരമായി വെട്ടേറ്റു.
മനോജ് രക്തം വാർന്ന് ഏറെ നേരം റോഡരികിൽ കിടന്നെങ്കിലും ആരും രക്ഷിക്കാനായി എത്തിയില്ല. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊഴിയൂർ പൊലീസ് സ്ഥലത്തെത്തി മനോജിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മനോജിന്റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



