ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാൻ നദിയിൽ ചാടി.. ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം…
ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി വിഷ്ണു ഭാസ്കറാണ് (42) പമ്പയിൽ മുങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ് വിഷ്ണു. ഭാര്യയും അധ്യാപികയുമായ രേഖയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. വിഷ്ണുവും രേഖയുമടങ്ങുന്ന കുടുംബം മാലക്കര പള്ളിയോടക്കടവില്‍ കുളിക്കാനിറങ്ങവേ രേഖയടക്കം മൂന്ന് പേർ ഒഴുക്കില്‍പ്പെടുകയായിരുന്നു. 13കാരനായ അദ്വൈതിനെ പിതാവ് രക്ഷപ്പെടുത്തി. മുങ്ങിത്താഴ്ന്ന രേഖയെ രക്ഷിക്കാന്‍ വിഷ്ണു ആറ്റിലേക്ക് ചാടി. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ടതോടെ വിഷ്ണുവിനെ കാണാതായി.
ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. രേഖയെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ രക്ഷിച്ചു. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരിച്ചലിൽ 20 മീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്.