‘മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയ മകളാണിത്…അച്ഛനിതിൽ ഇടപെടേണ്ട, ഞാൻ ശരിയാക്കിക്കോളാമെന്നാണ് അവൾ പറഞ്ഞത്….’
മലപ്പുറം എളങ്കൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർതൃപീഡനം ആരോപിച്ച് കുടുംബം. സൗന്ദര്യം കുറവെന്നും ജോലി ഇല്ലെന്നും പറഞ്ഞ് ഭർത്താവ് പ്രഭിൻ മകളെ പീഡിപ്പിച്ചിരുന്നെന്ന് കുടുംബം പറഞ്ഞു. ഭർത്താവിന്റെ ബന്ധുക്കൾ ഇതിന് കൂട്ടുനിന്നു. വിഷ്ണുജയെ ദേഹോപദ്രവം ഏൽപിച്ചിരുന്നു. ഭർതൃവീട്ടിൽ മകൾ കടുത്ത ശാരീരിക മാനസിക പീഡനങ്ങളിലൂടെ കടന്നുപോയെന്ന് വിഷ്ണുജയുടെ അച്ഛൻ വാസുദേവൻ പറഞ്ഞു.
”മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയ മകളാണിത്. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവളാണ് ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നത്. അത്രയ്ക്കും ധൈര്യമുള്ള കുട്ടിയായിരുന്നു. ഒരിക്കൽ പ്രശ്നങ്ങളറിഞ്ഞ് അച്ഛനിതിൽ ഇടപെടട്ടെ എന്ന് അവളോട് ചോദിച്ചിരുന്നു. അച്ഛൻ ഇടപെടണ്ട, ഞാൻ ശരിയാക്കിക്കോളാമെന്നാണ് അവൾ പറഞ്ഞത്. എന്നോട് അവളൊന്നും തുറന്ന് പറയാറില്ല. കൂട്ടുകാരികളോടാണ് പറയുക. ഇപ്പോഴാണ് അത് മനസിലാക്കുന്നത്. ഒരിക്കൽ അവൾ ഫോണിൽ സംസാരിക്കുന്നത് കേട്ടു. ഏട്ടാ, ഞാനവിടെ നിന്നോളാം, എന്നെക്കൊണ്ട് ഒരു ശല്യവും ഉണ്ടാകില്ലെന്ന്. അന്ന് ഞാൻ സംസാരിക്കാമെന്ന് പറഞ്ഞിട്ട് അവൾ സംസാരിക്കാൻ സമ്മതിച്ചില്ല. എല്ലാം അവൾ തന്നെ ശരിയാക്കി എടുക്കുമെന്നാണ് അവൾ പറഞ്ഞിരുന്നത്. ദേഹോപദ്രവം ഏൽപിക്കുമായിരുന്നു. ഒരിക്കൽ ഒരു കൂട്ടുകാരി വീട്ടിലെത്തിയപ്പോൾ അവളെ ഉപദ്രവിച്ചതിന്റെ പാടുകൾ ദേഹത്ത് കണ്ടു. അന്നും അതെക്കുറിച്ച് സംസാരിക്കാൻ അവൾ സമ്മതിച്ചില്ല. ഞങ്ങൾക്ക് നീതി ലഭിക്കണം. പൊലീസ് അന്വേഷണത്തിൽ തൃപ്തരാണ്. അയാളെ മാതൃകാപരമായി ശിക്ഷിക്കണം. അവന്റെ ബൈക്കില് പോലും അവളെ കയറ്റില്ലായിരുന്നു” വാസുദേവൻ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എളങ്കൂർ സ്വദേശി വിഷ്ണുജയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. വിഷ്ണുജയെ ജോലിയില്ലെന്നും സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് ഭർത്താവ് പ്രബിൻ പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് വിഷ്ണുജയുടെ ഭർത്താവ് പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഭിനും വിഷ്ണുജയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നും ഇതിന്റെ കാരണം അറിയില്ലെന്നുമാണ് പ്രഭിന്റെ വീട്ടുകാർ പറയുന്നത്. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഇവർ പറഞ്ഞു. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.