പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി..യുവാവ് അറസ്റ്റിൽ…

കൊല്ലം: ഇൻസ്റ്റഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കരസ്ഥമാക്കി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലിയാണ് കൊല്ലം അഞ്ചൽ പൊലീസിന്‍റെ പിടിയിലായത്. അഞ്ചൽ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലി. സഞ്ജു എന്ന പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കൈക്കലാക്കിയിരുന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് അഞ്ചൽ സ്വദേശിനിയായ പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കിയത്. തന്‍റെ സുഹൃത്തുമായി ഷെമീർ അലി പ്രണയത്തിലാണെന്ന വിവരം മനസിലാക്കി പെണ്‍കുട്ടി ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇതോടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലേക്ക് കടന്നു. മാനസികമായി തളർന്ന പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. പിന്നാലെ ഷെമീർ അലിയെ അഞ്ചൽ പൊലീസ് രാമനാട്ടുകരയിൽ നിന്ന് പിടികൂടി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുപ്പത്തോളം കുട്ടികളെ ഇയാൾ ഇരയാക്കിയതായി പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Related Articles

Back to top button