വോട്ട് ചെയ്യാൻ ഊബറിൽ ‘ഫ്രീ’യായി പോകാം…. തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് സർപ്രൈസ് ഒരുക്കി ഊബർ ഇന്ത്യ

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനത്തില്‍ സൗജന്യ യാത്രയൊരുക്കി ഊബർ ഇന്ത്യ. പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാർക്ക് സൗജന്യ യാത്രയാണ് ഇന്ന് ഊബര്‍ ഒരുക്കിയിരിക്കുന്നത്. ഊബർ ആപ്പിലെ കാർ, ഓട്ടോ എന്നീ വിഭാഗങ്ങളിൽ ഈ സൗജന്യ സേവനം ലഭ്യമാകും. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ഈ സേവനം ലഭിക്കുക.

വോട്ടർമാര്‍ കയറുന്ന സ്ഥലത്തു നിന്നും രണ്ട് കിലോമീറ്റർ വരെയുള്ള യാത്രകളാണ് പൂർണ്ണമായും സൗജന്യമായിരിക്കുക. രണ്ട് കിലോമീറ്ററിന് ശേഷമുള്ള യാത്രക്ക് ഊബർ നിശ്ചയിച്ചിട്ടുള്ള തുക നൽകണം. ബുക്കിങ്ങിനായി ഊബർ ആപ്പിൽ ‘Travel to your polling booth for free’ എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിയും. എല്ലാ പോളിങ് ബൂത്തുകളുടെയും ലൊക്കേഷനുകൾ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങാനും ഫ്രീ സര്‍വീസ് ലഭ്യമാണ്. എല്ലാ വോട്ടർമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസുമായി സഹകരിച്ചാണ് ഊബർ ഇന്ത്യ ഈ പദ്ധതി നടപ്പാക്കുന്നത്. യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലൂടെ പോളിംഗ് ശതമാനം വർദ്ധിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അതേസമയം, സംസ്ഥാനത്ത് വോട്ടെടുപ്പ് ആവേശകരമായി തുടരുകയാണ്. നാല് മണിക്കൂർ പിന്നിട്ടപ്പോൾ 16.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

Related Articles

Back to top button