മോദിയെ എത്ര വേണമെങ്കിലും പുകഴ്ത്താം പക്ഷേ കള്ളം പറയരുത്… തരൂരിനെ വിമർശിച്ച് ഉദിത് രാജ്….

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്ര വേണമെങ്കിലും തരൂരിന് പുകഴ്ത്താം, പക്ഷേ കള്ളം പറയരുതെന്ന് കോൺ​ഗ്രസ് നേതാവ് ഉദിത് രാജ്. വിമർശകർക്കും ട്രോളുന്നവർക്കും വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാമെന്നും തനിക്ക് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നുമുള്ള ശശി തരൂർ എംപിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഉദിത് രാജിൻറെ മറുപടി. ആദ്യമായി നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിർത്തിയും കടന്ന് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിവാദം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ശശി തരൂർ പാനമയിൽ നടത്തിയ വിശദീകരണമാണ് വിവാദമായത്.

മോദി ഭരണത്തിന് മുൻപ് ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന് പറഞ്ഞ് കോൺ​ഗ്രസിന്റെ സുവർണ ചരിത്രത്തെ തരൂർ അപമാനിച്ചെന്നാണ് ഉദിത് രാജ് പ്രതികരിച്ചത്. ഇത്രയധികം നേട്ടങ്ങൾ നൽകിയ പാർട്ടിയോട് എന്തുകൊണ്ടാണ് തരൂരിന് ആത്മാർത്ഥതയില്ലാത്തതെന്ന് ഉദിത് രാജ് ചോദിച്ചു. 1965 ൽ നിരവധി തവണ ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്നുകയറി. 1971 ൽ ഇന്ത്യ പാകിസ്ഥാനെ രണ്ടാക്കി. യുപിഎ കാലത്തും നിരവധി തവണ സർജിക്കൽ സ്ട്രൈക്ക് നടത്തി. എന്നാൽ രാഷ്ട്രീയ നേട്ടത്തിന് ഉപയോ​ഗിച്ചിട്ടില്ലെന്നും ഉദിത് രാജ് പറഞ്ഞു. മൻമോഹൻ സിം​ഗിന്റെ കാലത്ത് നടത്തിയ ആറ് സർജിക്കൽ സ്ട്രൈക്കുകളെയടക്കം തരൂർ അപമാനിച്ചു. ആരാണ് തരൂരിന് ഇതിനുള്ള അധികാരം നൽകിയത്. തെറ്റാണ് പറഞ്ഞതെന്ന് തരൂർ അം​ഗീകരിക്കണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.

Related Articles

Back to top button