അങ്ങ് പാകിസ്ഥാനിൽ പോയി പറഞ്ഞാൽ മതി.. രോഹിത്തിനെതിരായ പരാമർശത്തില്‍ ഷമയോട് യോഗ്‌രാജ് സിങ്….
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കെതിരായ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്. രോഹിത് ഒരു കായിക താരത്തിന് ചേരാത്ത വിധത്തില്‍ അമിത ഭാരമുള്ളയാളാണെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റന്മാരില്‍ ഒരാളാണെന്നുമായിരുന്നായിരുന്നു ഷമ മുഹമ്മദ് എക്സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനെ ബോഡി ഷെയ്മിങ് ചെയ്തുള്ള പ്രസ്താവന വിവാദമായതോടെ ഷമ ട്വിറ്ററില്‍ നിന്ന് അത് നീക്കം ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഷമയെ രൂക്ഷമായി വിമര്‍ശിച്ച് യോഗ്‌രാജ് സിങ് രംഗത്തെത്തിയത്. ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നിട്ടുള്ള രോഹിത്തിനെ പോലുള്ള താരങ്ങളെ കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റാണ്.ഇത്തരം പ്രസ്താവനകള്‍ ഉന്നയിക്കുന്നത് പാകിസ്താനില്‍ മാത്രമാണ് നടക്കുകയെന്നും ഇന്ത്യയില്‍ ക്രിക്കറ്റ് മതമാണെന്നും യോഗ്‌രാജ് സിങ് പറഞ്ഞു.’ഷമ മുഹമ്മദിന് നമ്മുടെ രാജ്യത്ത് തുടരാന്‍ അവകാശമില്ല. ഇന്ത്യയില്‍ ക്രിക്കറ്റ് നമ്മുടെ മതമാണ്. ന്യൂസിലന്‍ഡിനോടും ഓസ്‌ട്രേലിയയോടും ഇന്ത്യ തോറ്റപ്പോള്‍ രോഹിത്തിനെയും വിരാടിനെയും കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ ഞങ്ങള്‍ അവര്‍ക്കുവേണ്ടി നിലകൊണ്ടു. എനിക്ക് വളരെ സങ്കടമുണ്ട്. പാകിസ്താനിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. അവരുടെ മുന്‍ താരം (വസീം അക്രം) ഇപ്പോഴത്തെ പാക് താരങ്ങള്‍ ധാരാളമായി വാഴപ്പഴങ്ങള്‍ കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നതെല്ലാം നമ്മള്‍ കണ്ടതാണ്. ഇതൊന്നും സഹിക്കാന്‍ പാടില്ല. ഇതിനെതിരെ നടപടിയെടുക്കണം. ഞാന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നിങ്ങളുടെ ബാഗുകള്‍ പായ്ക്ക് ചെയ്ത് രാജ്യം വിടൂ എന്ന് ഷമയോട് പറയുമായിരുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.