ഇന്നലെ ‘കഴിവുകെട്ടവൻ’.. ഇന്ന് ‘വികസന നായകൻ’… മുകുന്ദനെതിരെ ബിജെപി തന്നെ അടിച്ച പോസ്റ്ററുകൾ വിനയാകുന്നു…

തൃശ്ശൂർ: രാഷ്ട്രീയ കൂടുമാറ്റങ്ങൾക്കും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും സാക്ഷ്യം വഹിക്കുന്ന നാട്ടികയിൽ ബിജെപി സ്ഥാനാർത്ഥി സി.സി. മുകുന്ദന്റെ നിലപാടുകൾ ചർച്ചയാകുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നും എംഎൽഎ ആയിരുന്നപ്പോൾ മണ്ഡലത്തിൽ മികച്ച വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചെന്നുമാണ് മുകുന്ദന്റെ അവകാശവാദം. തന്നെ പുറത്താക്കിയ പാർട്ടിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി വർഗീയ ശക്തിയാണെന്ന മുൻകാല നിലപാടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ആരെയും എതിർക്കാതെ മുന്നോട്ട് പോയിരുന്ന ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു എന്നായിരുന്നു മുകുന്ദന്റെ മറുപടി. കോൺഗ്രസ് തന്നെ വഞ്ചിച്ചുവെന്ന് പറയാനാകില്ലെന്നും ചർച്ചകൾക്ക് വിളിച്ചപ്പോൾ പോയെന്നുമാത്രമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേർത്തു. എന്നാൽ, മുകുന്ദന്റെ ഈ നീക്കം ബിജെപി അണികൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്.

സി.സി. മുകുന്ദൻ ബിജെപി പാളയത്തിലെത്തുമ്പോൾ പാർട്ടിയെ വെട്ടിലാക്കുന്നത് പഴയ പ്രചാരണ ബോർഡുകളാണ്. “നാട്ടിക എംഎൽഎയുടെ കഴിവില്ലായ്മ മൂലം കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നഷ്ടമായി”, “സമ്മതിദായകരെ വഞ്ചിച്ച് വികസനത്തെ പിന്നോട്ടടിച്ചു” എന്നിങ്ങനെ മുകുന്ദനെതിരെ ബിജെപി തന്നെ മുൻപ് ഉയർത്തിയ പോസ്റ്ററുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

“മതിയായി ഈ എംഎൽഎ, മാറ്റം തുടങ്ങാം” എന്ന് ആഹ്വാനം ചെയ്ത ബിജെപി തന്നെ അതേ എംഎൽഎയെ സ്ഥാനാർത്ഥിയാക്കിയതിലെ വൈരുദ്ധ്യമാണ് രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുന്നത്. എൽഡിഎഫ് എംഎൽഎയുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾക്കെതിരെ ഒരു ലക്ഷം ഒപ്പുശേഖരണം നടത്തിയ ബിജെപി, ഇപ്പോൾ അതേ വ്യക്തിയെ വികസന നായകനായി ചിത്രീകരിക്കേണ്ടി വരുന്ന ഗതികേടിലാണെന്നും വിമർശകർ പരിഹസിക്കുന്നു.

Related Articles

Back to top button