‘വസ്ത്രങ്ങൾ ചോദിച്ചപ്പോൾ യാസിർ കത്തിച്ച് സ്റ്റാറ്റസിട്ടു, ഷിബില ഒരുപാട് സഹിച്ചു’…
താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഷിബിലയെ വെട്ടിക്കൊന്ന ഭർത്താവ് യാസിറിനെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് ബന്ധു അബ്ദുൽ മജീദ്. ഷിബിലയെ നേരത്തെയും യാസിർ ആക്രമിച്ചിട്ടുണ്ട്. പൊലീസ് ഒരു തവണ യാസിറിനെ വിളിച്ചു സംസാരിക്കുക മാത്രമാണ് ചെയ്തത്. യാസിർ മുമ്പേ ലഹരി ഉപയോഗിക്കുന്നയാളാണെന്നും ബന്ധു പറഞ്ഞു. ഷിബിലയുടെ വസ്ത്രങ്ങളൊക്കെ യാസിർ വാടക വീട്ടിൽ പൂട്ടിവച്ചു. ഡ്രസ് ചോദിച്ചപ്പോൾ അതെല്ലാം കത്തിച്ച് ഫോട്ടോയെടുത്ത് സ്റ്റാറ്റസിട്ടെന്നും ബന്ധു അബ്ദുൽ മജീദ് പറയുന്നു.
“ഷിബിലയെ മുൻപും യാസിർ ആക്രമിച്ചിട്ടുണ്ട്. യാസിർ ലഹരി ഉപയോഗിക്കുന്ന സമയത്താകാം സാഡിസ്റ്റ് മനോഭാവം. കുടുംബമെന്ന നിലയിൽ ഒപ്പിച്ചങ്ങ് പോവുകയായിരുന്നു. പിടിച്ചുനിൽക്കാൻ ഷിബില ഒരുപാട് ത്യാഗം സഹിച്ചു. വീട്ടിൽ നിന്ന് അവൻ ഇറക്കി വിടുകയായിരുന്നു. ഇനി ഒരു തരത്തിലും തിരിച്ചു പോകാൻ കഴിയില്ലെന്ന അവസ്ഥയിലെത്തി. ആദ്യം മഹല്ലിൽ പറഞ്ഞു. സംസാരിക്കാൻ വിളിച്ചിട്ട് യാസിർ വന്നില്ല. കഴിഞ്ഞ 28നാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് ഒന്ന് വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തത്. മറ്റൊരു നടപടിയും ഉണ്ടായില്ല- ബന്ധു അബ്ദുൽ മജീദ് പറഞ്ഞു.