മെറ്റയുമായി എറ്റുമുട്ടാൻ എക്‌സ്… ഓൺലൈൻ പേയ്‌മെൻറ് ഇൻറർഫേസ് അവതരിപ്പിക്കും…

ഡിജിറ്റൽ പേയ്‌മെൻറ് സേവനം അവതരിപ്പിക്കാനൊരുങ്ങി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സ്. ഇതാദ്യമായാണ് എക്സ് അവരുടെ ഒരു ഓൺലൈൻ പേയ്‌മെൻറ് ഇൻറർഫേസ് അവതരിപ്പിക്കുന്നത്. പേയ്‌മെൻറ്, ബാങ്കിംഗ് ഇടപാടുകൾ എക്സ് ആപ്പ് വഴി ലഭ്യമാക്കും. ഡവലപ്പർമാരെ ലക്ഷ്യമിട്ട് ബീറ്റാ വേർഷൻ പുറത്തിറക്കിയ ശേഷമാകും എക്സ് മണി എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കുക.

എക്‌സ് മണി എന്നായിരിക്കും ഈ ഓൺലൈൻ പണമിടപാട് സംവിധാനത്തിൻറെ പേര്. ആളുകളുടെ പണം നഷ്ടപ്പെടരുത് എന്ന് നിർബന്ധമുള്ളതിനാൽ അതീവ ശ്രദ്ധയോടെ മാത്രമേ എക്സിൽ പേയ്‌മെൻറ് സംവിധാനം അവതരിപ്പിക്കൂ എന്ന് മസ്ക് പറഞ്ഞു. 2022 ഒക്ടോബറിൽ ട്വിറ്ററിനെ ഏറ്റെടുത്ത് എക്‌സ് എന്ന് പുനർനാമകരണം ചെയ്തത് മുതൽ എക്സ് മണിയെ കുറിച്ചുള്ള സൂചനകൾ പ്ലാറ്റ്‌ഫോമിൻറെ സിഇഒ ഇലോൺ മസ്ക് നൽകുന്നുണ്ടായിരുന്നു. എക്‌സ് മണി സംവിധാനം എക്സ് പ്ലാറ്റ്‌ഫോമിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് അനായാസം പണമയക്കാനും സ്വീകരിക്കാനും കഴിയും. നിലവിൽ മെറ്റയുടെ വാട്‌സ്ആപ്പിൽ ഇത്തരത്തിൽ പണമിടപാട് സംവിധാനമുണ്ട്.

എക്സ് മണിയിൽ ക്രിപ്റ്റോകറൻസി പേയ്‌മെൻറ് സൗകര്യമുണ്ടായിരിക്കുമെന്ന് സൂചനകൾ പുറത്തുവന്നുകഴിഞ്ഞു. ബിറ്റ്‌കോയിനായിരിക്കും ഈ പണമിടപാട് സംവിധാനത്തിലെ പ്രധാന രീതികളിലൊന്ന് എന്നാണ് അനുമാനം. സുഗമമായ പണമിടപാടുകൾ ഉറപ്പാക്കാൻ ഡിജിറ്റൽ പേയ്‌മെൻറ് രംഗത്തെ ഭീമൻമാരായ ‘വിസ’യുമായി സഹകരിക്കാൻ മസ്കിൻറെ എക്സ് ആലോചിക്കുന്നുണ്ട്.

Related Articles

Back to top button