മകളുടെ വിവാഹത്തിനായി ലോണെടുത്തു, തിരിഞ്ഞ് നോക്കാതെ മകള്‍; വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു….

കാസർകോട് നീലേശ്വരം പള്ളിക്കരയിൽ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തതോടെ പെരുവഴിയിലായി വയോധിക കുടുംബം. പള്ളിക്കര മുണ്ടേമാടിലെ പത്മനാഭൻ, ദേവി ദമ്പതികൾ അന്തിയുറങ്ങുന്ന താൽക്കാലിക ഷെഡിൽ നിന്നും ഒഴിഞ്ഞ് പോകണമെന്ന് ബാങ്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ്

നീലേശ്വരം പള്ളിക്കര മുണ്ടേമാടിലെ പത്മനാഭന് 70 ഉം ഭാര്യ ദേവിക്ക് 58 ഉം വയസാണ്. 2015 ൽ നീലേശ്വരം യൂണിയൻ ബാങ്കിൽ നിന്ന് 16 ലക്ഷം രൂപ ലോണെടുത്തു. മകൾ സജിതയുടെ കല്യാണത്തിനും വീട് അറ്റകുറ്റ പണികൾക്കുമായിരുന്നു ഇവര്‍ ലോണെടുത്തത്. 13 ലക്ഷം ഇതിനകം തിരിച്ചടച്ചു. കൊവിഡ് കാലത്ത് മകൻ്റെ ജോലി നഷ്ടപ്പെട്ടതോടെയാണ് തിരിച്ചടവ് മുടങ്ങി. 2023 ൽ വീട് ബാങ്ക് ജപ്തി ചെയ്തു. ടാർപ്പായ വലിച്ചുകെട്ടിയ ചായിപ്പിലായിരുന്നു അതിന് ശേഷം ഇവരുടെ താമസം. ഇപ്പോൾ പറമ്പിൽ നിന്നും ഒഴിഞ്ഞു പോകണമെന്നാണ് ബാങ്ക് അധികൃതരുടെ അന്ത്യ ശാസനം. 25 ലക്ഷമാണ് ബാങ്കില്‍ അടയ്ക്കേണ്ട കുടിശിക. ജീവനൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് കുടുംബം പറയുന്നത്.

പരിയാരം മെഡിക്കൽ കോളേജിൽ ഡെൻ്റൽ അസിസ്റ്റൻ്റായി ജോലി ചെയ്യുകയാണ് മകൾ സജിത. ഇവരുടെ പേരിലുള്ള ലോണിന് ഈട് വച്ചതാണ് വീട്. ലോൺ തിരിച്ചടയ്ക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മകളെ സമീപിച്ചെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് വൃദ്ധ ദമ്പതികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വഴിയോര കച്ചവടക്കാരനായ പത്മനാഭൻ അസുഖ ബാധിതനായി ചികിത്സയിലാണ്. മകൻ ഓട്ടോ ഓടിച്ച് കിടുന്ന തുച്ഛ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ബാങ്കിൻ്റെ അന്ത്യശാസനം വന്നതോടെ ഇനി എന്ത് ചെയ്യും എന്നറിയാതെ ആശങ്കയിലാണ് ഈ കുടുംബം

Related Articles

Back to top button