ശക്തമായ മഴയെ തുടർന്ന് ജോലികൾ നിർത്തിവെക്കണമെന്ന നിർദേശം തള്ളി.. കിണർ നിർമാണത്തിനിടെ തൊഴിലാളി…

‌നിർമാണത്തിനിടെ കിണർ ഇടിഞ്ഞ് മണ്ണിനടിയിൽ പെട്ട തൊഴിലാളികളിൽ ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കൽ രതീഷാണ് മരിച്ചത്. കൂടെ അപകടത്തിൽപ്പെട്ട അഴിയൂർ സ്വദേശി വേണുവിനെ ആശുപത്രിയിലേക്ക് മാറ്റി. മൊത്തം ആറ് തൊഴിലാളികളാണ് സംഭവസ്ഥലത്ത് പണിയെടുത്തുകൊണ്ടിരുന്നത്. ഇവരിൽ രണ്ടുപേരാണ് കിണറിടിഞ്ഞ് മണ്ണിനടിയിൽ പെട്ടത്.

വേണുവിനെ രക്ഷപ്പെടുത്തി മാഹി ഗവ. ആശുപത്രിയിലും പിന്നീട് തലശേരി ആശുപത്രിയിലേക്കും മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, രതീഷിനെ കണ്ടെത്താനായി വടകര, മാഹി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമം വിഫലമായി. മൂന്നോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് രതീഷിന്റെ മൃതദേഹം കണ്ടെടുത്തത്.

മേഖലയിൽ രാവിലെ മുതൽ ശക്തമായ മഴയുണ്ടായിരുന്നു. മഴ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഘനനം പോലെയുള്ള ജോലികൾ നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ നേരത്തേ നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ചാണ് തൊഴിലാളികൾ കിണർ നിർമാണത്തിൽ ഏർപ്പെട്ടത്. ഇതാണ് ഒരാളുടെ ജീവൻ നഷ്ടപ്പെട്ട അപകടത്തിലേക്ക് നയിച്ചത്.

Related Articles

Back to top button