കേന്ദ്ര ഗവൺമെന്റിനെതിരെയുള്ള സമരത്തിൽ പങ്കെടുത്ത് മടങ്ങി..ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി ബസിൽ കയറുന്നതിനിടെ..

ആലപ്പുഴ: ആലപ്പുഴയിൽ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല തെക്ക് മൂന്നാം വാർഡ് നിവർത്തിൽ പി.പി. മണിക്കുട്ടൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം. പാസ്പോർട്ട് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച സമരം കൂടി മടങ്ങുന്നതിനിടെയാണ് കുഴഞ്ഞ് വീണത്.
മണിക്കുട്ടൻ ബസിൽ കയറുന്നതിനിടെ ആണ് കുഴഞ്ഞുവീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേന്ദ്ര ഗവൺമെൻറിൻറെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായി സിപിഎം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പാസ്പോർട്ട് ഓഫീസ് മാർച്ചിൽ പങ്കെടുത്തശേഷം തിരിച്ചുപോവുന്നതിനിടെയാണ് മണിക്കുട്ടൻ കുഴഞ്ഞുവീണത്.
മറ്റൊരു സംഭവത്തിൽ ശബരിമല തീർഥാടനത്തിനിടെ ഉള്ളാൾ സോമേശ്വർ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. സോമേശ്വർ നഗരസഭ പരിധിയിലെ പിലാരു ഡെലന്തബെട്ടുവിൽ താമസിക്കുന്ന ബിസിനസുകാരനായ ചന്ദ്രഹാസ് ഷെട്ടിയാണ് (55) മരിച്ചത്. ശനിയാഴ്ച അർക്കുള, തുപ്പക്കല്ലു എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് അയ്യപ്പ ഭക്തർക്കൊപ്പമാണ് ചന്ദ്രഹാസ് ശബരിമല തീർഥാടനത്തിന് പുറപ്പെട്ടത്. തിങ്കളാഴ്ച എരുമേലിയിൽ നിന്ന് പമ്പയിലേക്ക് കാനനപാതയിലൂടെ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.



