വീടിനടുത്ത് തൊഴിലിടം; പുതിയ പദ്ധതിക്ക് ഇന്ന് കേരളത്തില്‍ തുടക്കം

ഐടി, വിജ്ഞാനാധിഷ്ഠിത മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലിടങ്ങള്‍ ഒരുക്കുന്ന സര്‍ക്കാരിന്റെ വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കമാകും. ആദ്യ പൈലറ്റ് കേന്ദ്രമായ കൊല്ലത്തെ കമ്യൂണ്‍ തിങ്കളാഴ്ച പകല്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും.
ബിഎസ്എന്‍എല്‍ കെട്ടിടത്തില്‍ സജ്ജീകരിച്ച വര്‍ക്ക് നിയര്‍ ഹോം കേന്ദ്രത്തില്‍ 141 പ്രൊഫഷണലുകള്‍ക്ക് ജോലിചെയ്യാം. ചെറുകിട നഗരങ്ങളില്‍ പ്ലഗ് ആന്‍ഡ് പ്ലേ മാതൃകയിലാണ് സജ്ജീകരിക്കുന്നത്. അതിവേഗ ഇന്റര്‍നെറ്റ്, എയര്‍കണ്ടീഷന്‍ കാബിന്‍, മീറ്റിങ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, കഫറ്റീരിയ തുടങ്ങിയവ പാര്‍ക്കിലുണ്ട്. റിമോട്ട് ജീവനക്കാര്‍, ഫ്രീലാന്‍സര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍, എന്നിവര്‍ക്കും പ്രത്യേകിച്ച് കുടുംബ ഉത്തരവാദിത്വങ്ങള്‍ കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതാ പ്രൊഫഷണലുകള്‍ക്കും സുരക്ഷിത തൊഴിലിടങ്ങള്‍ മുതല്‍ക്കൂട്ടാകും.
ആദ്യഘട്ടത്തില്‍ 10 കേന്ദ്രമാണ് സംസ്ഥാനത്താകെ തുടങ്ങുന്നത്. പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, പ്രൊഫഷണലുകളെ തിരികെ എത്തിക്കുക, കേരളത്തെ ഒരു ആഗോള സ്‌കില്‍ ഡെവലപ്‌മെന്റ് ഹബ്ബാക്കി ഉയര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.
കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും ഈ ശൃംഖല വ്യാപിപ്പിക്കും. ഇതുവഴി അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ സാഹചര്യവും 50, 000 പുതിയ തൊഴിലവസരങ്ങളും ഉണ്ടാകും. സംസ്ഥാനത്തിന് പുറത്തേക്കുപോകുന്ന 5000 കോടി രൂപയോളം കേരളത്തില്‍ നിലനിര്‍ത്താന്‍ കഴിയും. കേരളത്തെ ഒരു ആഗോള സ്‌കില്‍ ഹബ്ബായി ഹോം പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പായിരിക്കും പദ്ധതി.



