ഇടത് ഭരണത്തിൽ സ്ത്രീസുരക്ഷ ജലരേഖ…. ഗണേഷ് കുമാറിനെ പുറത്താക്കണം…. ഷാനിമോൾ ഉസ്മാൻ

തിരുവനന്തപുരം: ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖയെന്ന് കോണ്ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. മന്ത്രി ഗണേഷ് കുമാറിന്റെ ഗാർഹിക പീഡനം ഭാര്യ തന്നെ തുറന്നു പറഞ്ഞു. വിഷയത്തിൽ പൊലീസ് നടപടി എടുത്തില്ലെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാനിമോൾ ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് ഇവർ നൽകുന്നതെന്നും ഷാനിമോൾ ചോദിക്കുന്നു. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് മാറ്റണം. വനിതാ മന്ത്രിമാർ എവിടെയെന്നും അവർ കൊടിയുടെ നിറം നോക്കി നിലപാട് പറയുന്നവരാണെന്നും ഷാനിമോൾ പറഞ്ഞു.
മന്ത്രിയുടെ വീട്ടിൽ നടന്നത് ഗാർഹിക പീഡനമാണെന്ന് ജെബി മേത്തർ പ്രതികരിച്ചു. പൊലീസ് എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും ഒത്തുതീർപ്പാക്കാനാണെങ്കിൽ നിയമ വ്യവസ്ഥകൾ എന്തിനെന്നും ജെബി മേത്തർ ചോദിക്കുന്നു. മുഖ്യമന്ത്രിക്ക് നേരത്തെയുള്ള സമീപനം അല്ല ഇപ്പോൾ. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്ത്രീപീഡകരെ കുടിയിരുത്തുകയാണ്. നടപടിയെടുക്കേണ്ട ഇടത്തു മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും വിഷയം മുഖ്യമന്ത്രി പുഴ്ത്തിവെച്ചുവെന്നും മന്ത്രിക്ക് മുഖ്യമന്ത്രി കവചം ഒരുക്കുകയാണെന്നും ജെബി മേത്തർ വിമർശിച്ചു.
കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലെത്തുകയാണ്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചു മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തു വന്നതോടെ ഗണേഷ് കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ് കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ ആവശ്യപ്പെട്ടു. ഗണേഷ് ഇന്നലെ സഹോദരിയെയും ഇന്ന് തന്നെയും വിളിച്ചു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ പറഞ്ഞു.



