കൊച്ചിയിലെ ബാറിൽ യുവതി മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി… കസ്റ്റഡിയിൽ ആയത്…
കൊച്ചിയിലെ ബാറിൽ യുവതി മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി. കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയൽ ബാറിലാണ് സംഭവം. ഉദയംപേരൂർ സ്വദേശിനിയായ ഇരുപത്തിയൊൻപതുകാരിയാണ് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിയത്. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിനിടെയാണ് യുവതി അക്രമാസക്തയായത്. ഹോട്ടലിലെ ഡിജെ പാർട്ടിക്കിടെയാണ് യുവതിയുടെ ആക്രമണമുണ്ടായത് എന്നാണ് റിപ്പോർട്ട്. ഈ സമയം സിനിമാതാരങ്ങളും പിന്നണിഗായകരും ഉൾപ്പെടെ സംഭവസ്ഥലത്തുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
ഒരു വർഷം മുമ്പ് വെടിവെയ്പ്പ് നടന്ന ബാറാണ് മില്ലേനിയൽ. ഇന്നലെ രാത്രി പത്തരയോടെയാണ് ഇവിടെ യുവതി മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിയത്. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്കു തർക്കം സംഘർഷത്തിലെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തന്നോട് തർക്കിച്ച യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഉദയംപേരൂർ സ്വദേശിനിയായ ഇരുപത്തിയൊൻപതുകാരിയെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ബാർ ഹോട്ടലിൽ സംഘർഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടി. സംഭവത്തെ തുടർന്നു കതൃക്കടവ് –തമ്മനം റോഡിൽ ഗതാഗത തടസ്സമുണ്ടായി.
സംഭവം നടക്കുമ്പോൾ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെ ഇവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം. നോർത്ത് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്.
2024 ഫെബ്രുവരി 11നാണ് ഇതേ ബാറിന്റെ മുന്നിൽ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാർ പൂട്ടിയപ്പോൾ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്നു പ്രതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികൾ മർദിച്ച് അവശനാക്കി. ഓടിവന്ന മറ്റ് ജീവനക്കാർ ആക്രമണം ചെറുത്തതോടെ യുവാക്കളിൽ ഒരാൾ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. ഈ സംഭവത്തെ തുടർന്നു നഗരത്തിലെ ബാർ ഹോട്ടലുകൾ രാത്രി 11 ന് തന്നെ പ്രവർത്തനം അവസാനിപ്പിക്കാനായി കർശന നിർദേശം നൽകിയിരുന്നു.