ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുത്..രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാടുമായി കോൺഗ്രസിലെ വനിതാ നേതാക്കൾ രംഗത്ത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ വീണ്ടും ഒരു ലൈംഗിക പീഡന പരാതി കൂടി ഉയർന്നു വന്ന സാഹചര്യത്തിൽ കടുത്ത നിലപാടുമായി കോൺഗ്രസിലെയും യുഡിഎഫിലെയും വനിതാ നേതാക്കൾ. രാഹുലിനെതിരെ പരസ്യ വിമർശനവുമായാണ് കോൺഗ്രസ്സിലെയും യുഡിഎഫിലെയും വനിതാ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നും എംഎൽഎ സ്ഥാനത്ത് നിന്നും നീക്കണമെന്നുമാണ് വനിതാ നേതാക്കൾ ആവശ്യപ്പെടുന്നത്. കെ കെ രമ എം എൽ എ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ, ദീപ്തി മേരി വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ തുടങ്ങിയവരാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎഐയ്ക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.
പാർട്ടിയിൽ നിന്നും രാഹുലിനെ പുറത്താക്കണമെന്നാണ് ഷാനിമോൾ ഉസ്മാനും ദീപ്തി മേരി വർഗീസും സജന ബി സാജനും ആവശ്യപ്പെട്ടത്. ഒരു നിമിഷം പോലും രാഹുൽ പാർട്ടിയിൽ തുടരരുതെന്നും ഷാനിമോൾ കൂട്ടിച്ചേർത്തു. കുറ്റക്കാരൻ ആരായാലും പുറത്താക്കണമെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. നേരത്തെ തന്നെ ഈ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും മറ്റ് പാർട്ടിക്കാരെപോലെ ആരെയും കോൺഗ്രസ് സംരക്ഷിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു. രാഹുൽ പൊതുരംഗത്ത് തുടരുന്നത് നാടിന് തന്നെ അപമാനമെന്നാണ് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടത്. രാഹുൽ എം എൽ എ സ്ഥാനമടക്കം രാജിവയ്ക്കണമെന്നാണ് കെ കെ രമ എം എൽ എ ആവശ്യപ്പെട്ടത്. രാഹുൽ മാങ്കൂട്ടത്തിന് എതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് ജെബി മേത്തർ പറഞ്ഞത്. രാഹുലിനെതിരായ പരാതിയിൽ കോൺഗ്രസ് സ്വീകരിച്ചത് സ്ത്രീപക്ഷ നിലപാടാണെന്നും നേരത്തെ എടുത്ത നടപടി കൂട്ടായ തീരുമാനമാണെന്നും ആരുടെയും വ്യക്തിപരമായ തീരുമാനം അല്ലെന്നും അവർ വിവരിച്ചു. അടുത്ത നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.



