കാമുകനൊപ്പം ജീവിക്കാനായി ആത്മഹത്യാ നാടകം..ഭിക്ഷാടകനെ കൊന്ന് കത്തിച്ചു..ഒടുവിൽ യുവതി പിടിയിൽ…
കാമുകനൊപ്പം ജീവിക്കാനായി ആത്മഹത്യ നാടകം നടത്തിയ യുവതി ഒടുവിൽ അറസ്റ്റിൽ.. ഭിക്ഷാടകനെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തതായി വരുത്തി തീർക്കാൻ ശ്രമിച്ചത്. തെരുവിൽ നിന്ന് തട്ടിക്കൊണ്ടുവന്ന ഭിക്ഷാടകനെ തീയിട്ട് കൊലപ്പെടുത്തിയാണ് തന്റെ ആത്മഹത്യയെന്ന് വരുത്തി തീർത്തത്. എന്നാൽ ഒടുവിൽ യുവതിയും കാമുകനും പൊലീസിന്റെ പിടിയിലായി. ഗുജറാത്തിലെ കച്ചിലാണ് സംഭവം നടന്നത്.
27കാരിയായ റാമിയാണ് റോഡിൽ കണ്ട യാചകനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത് . ശേഷം തന്റെ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിക്കാൻ മൊബൈൽ ഫോണും ചെരുപ്പും അടക്കം മൃതദേഹത്തിന് സമീപം ഉപേക്ഷിച്ചിരുന്നു. തുടർന്ന് റാമിയുടെ കുടുംബം ഇത് വിശ്വസിച്ച് മൃതദേഹം സംസ്കരിക്കുകയും ചെയ്തു.എന്നാൽ കഴിഞ്ഞ ദിവസം റാമി വീട്ടിലെത്തി അച്ഛനെ കണ്ടതോടെയാണ് നാടകം പൊളിഞ്ഞത്. വീട്ടിലെത്തി തെറ്റ് ഏറ്റുപറഞ്ഞ യുവതി പൊലീസിൽ കീഴടങ്ങാൻ വിസമ്മതിച്ചു. ഇതോടെ റാമിയുടെ അച്ഛനാണ് മകൾ മരിച്ചിട്ടില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് യുവതിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാടകം നടത്താൻ ഒപ്പം നിന്ന യുവതിയുടെ കാമുകൻ അനിൽ ഗംഗാലിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.