ഇടുക്കിയിൽ യുവതി കാടിനുള്ളിൽ പ്രസവിച്ചു… പെൺകുഞ്ഞിന് ജന്മംനൽകിയതിന് ശേഷവും ആശുപത്രിയിലേക്ക് പോകാൻ കൂട്ടാക്കാതെ ഇരുപത്തിനാലുകാരി…
ഇടുക്കിയിൽ യുവതി കാടിനുള്ളിൽ പ്രസവിച്ചു. വള്ളക്കടവ് റെയ്ഞ്ചിൽ ഉൾപ്പെട്ട കാട്ടിൽ താമസിക്കുന്ന ബിന്ദു(24) ആണ് വനത്തിനുള്ളിൽവെച്ച് പെൺകുഞ്ഞിന് ജന്മംനൽകിയത്. ആദിവാസി വിഭാഗത്തിൽപെട്ട ബിന്ദു കാട്ടിൽ വനവിഭങ്ങൾ ശേഖരിക്കുന്നതിനിടെയാണ് പ്രസവിച്ചത്. സംഭവമറിഞ്ഞ് ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ആശുപത്രിയിലേക്ക് പോകാൻ യുവതി തയ്യാറായില്ല. അതേസമയം, യുവതിക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം.
വ്യാഴാഴ്ച്ച രാവിലെ ഒൻപതരയോടെയാണ് ബിന്ദു വനത്തിനുള്ളിൽവെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്. വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തെ വനത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പം വനവിഭവങ്ങൾ ശേഖരിക്കാനെത്തിയതായിരുന്നു ബിന്ദു. ഭർത്താവ് സുരേഷ് ആരോഗ്യവകുപ്പിൽ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ഉടൻ കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് സംഘം ആംബുലൻസുമായി വള്ളക്കടവിലെ കാട്ടിൽ എത്തി. കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ എത്തിക്കുന്നതിനായി പരിശ്രമിച്ചങ്കിലും ബിന്ദു ആശുപത്രിയിൽ പോകാൻ തയ്യാറായില്ല.
തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയുമായി ആംബുലൻസിൽ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്കുപോയി. ആശുപത്രിയിൽ കുട്ടിയെത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചതോടെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും സജ്ജമായി. തുടർന്ന് കുട്ടിക്കുവേണ്ട ചികത്സ ഉറപ്പാക്കി. കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ഉറപ്പായതോടെ കുട്ടിയെ രക്ഷാകർത്താക്കളുടെ അടുത്ത് എത്തിച്ചു. വീണ്ടും തുടർചികത്സയ്ക്കായി കുട്ടിയെയും മാതാവിനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറായെങ്കിലും ബിന്ദുവും കുടുംബാംഗങ്ങളും തയ്യാറായില്ല. തുടർന്ന് കുടുംബശ്രീ പ്രവർത്തകരെയും പട്ടികവർഗവകുപ്പിലെ ജീവനക്കാരെയും ഇവരുടെ പരിചരണത്തിനായി ഏൽപ്പിച്ച് ആരോഗ്യവകുപ്പ് അധികൃതർ മടങ്ങുകയായിരുന്നു.
നവജാത ശിശുവിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്. കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, കുമളി ഹെൽത്ത് ഇൻസ്പെക്ടർ ബി. മാടസ്വാമി, ആരോഗ്യവകുപ്പ് ജീവനക്കാരായ ആര്യാമോഹൻ, ആംബുലൻസ് ഡ്രൈവർ നൈസാമുദ്ധീൻ, വനം വകുപ്പ് ജീവനക്കാരിയായ സുബിഷ, അങ്കണവാടി ജീവനക്കാരി ശ്രീദേവി എന്നിവർ ചേർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.