ഒരു തെറ്റും ചെയ്യാതെ അഴിക്കുള്ളിൽ 4 ദിവസം.. എന്നിട്ട് ഒരു മാപ്പ് പോലുമില്ല; പൊലീസിന് സംഭവിച്ചത് വൻ അബദ്ധം!
വൈദ്യുതി മോഷണ കേസിലെ പ്രതിക്ക് വേണ്ടിയാണ് തീവ്രമായ അന്വേഷണത്തിനിടെയിൽ വൻ അബദ്ധത്തിൽ ചാടി ഉത്തർപ്രദേശ് പൊലീസ്. ഉത്തർപ്രദേശിലെ ബറേലിയിൽ മുന്നി എന്ന സ്ത്രീയെ തിരയുകയായിരുന്നു പൊലീസ്. ഒടുവിൽ മുന്നിയെ പിടികൂടിയെങ്കിലും ഒരു അബദ്ധം സംഭവിച്ചു. പിടികൂടിയത് മുന്നിയെ തന്നെയായിരുന്നു, പക്ഷേ അവർ അന്വേഷിച്ചിരുന്ന മുന്നിയെ ആയിരുന്നില്ലെന്ന് മാത്രം!
ബറേലിയിലെ ബന്ദിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. 2020-ൽ, വൈദ്യുതി മോഷണക്കേസിൽ ഛോട്ടെയുടെ ഭാര്യ മുന്നിക്കെതിരെ ഒരു പ്രാദേശിക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വർഷം ഏപ്രിൽ 13ന് പൊലീസ് ആ വാറണ്ട് നടപ്പാക്കാൻ ഗ്രാമത്തിലെത്തി. എന്നാൽ പ്രതിയുടെ ഐഡന്റിറ്റി ഉറപ്പാക്കുന്നതിനുപകരം, അവർ മറ്റൊരു സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാനകി പ്രസാദിൻ്റെ ഭാര്യ മുന്നി ദേവിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഭർത്താവിൻ്റെ പേര് അല്ലെങ്കിൽ മറ്റ് വ്യക്തിഗത വിവരങ്ങൾ പരിശോധിക്കാതെ പൊലീസ് മുന്നി ദേവിയെ ജയിലിലേക്ക് അയച്ചു. താനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കുറ്റത്തിന് അവർ നാല് ദിവസം ജയിലിൽ കഴിഞ്ഞു. അതേസമയം, യഥാർത്ഥ പ്രതിയായ ഛോട്ടെയുടെ ഭാര്യ മുന്നി ഒളിവിൽത്തന്നെ തുടർന്നു. നാല് ദിവസത്തെ തെറ്റായ തടവിനുശേഷമാണ് പൊലീസിന് അവരുടെ തെറ്റ് മനസ്സിലാവുകയും മുന്നി ദേവിയെ മോചിപ്പിക്കുകയും ചെയ്തത്. ഔദ്യോഗികമായി ഒരു ക്ഷമാപണം നടത്തുന്നതിന് പകരം, അവരുടെ കുടുംബത്തോട് മൗനം പാലിക്കാനും മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാനും പൊലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഗ്രാമത്തിൽ മുന്നി എന്ന പേരിൽ രണ്ട് സ്ത്രീകൾ ഉണ്ടെന്ന് മുന്നി ദേവി സ്ഥിരീകരിച്ചു. കേസിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം നടന്നുവരികയാണ്