‘സഹോദരന്‍ പൊലീസില്‍, യൂണിഫോം വേണം’.. യൂണിഫോം ഉപയോഗിച്ച് യുവതി നടത്തിയത്.. ഒടുവിൽ പിടിവീണു…

പൊലീസാണെന്ന വ്യാജേന ഹോട്ടലുടമയില്‍ നിന്ന് പണവും കാറും തട്ടിയ കേസില്‍ യുവതിയും സഹായിയും പിടിയിൽ.തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ബിന്ദുവിനെയും എറണാകുളം കോടനാട് സ്വദേശി ഷാജിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിഐ സ്മിത ശ്യാം എന്ന പേരിലായിരുന്നു ബിന്ദുവിൻ്റെ തട്ടിപ്പ്.

2024 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ബിന്ദു പാലക്കാട് ടൗണിലെ ഹോട്ടലുടമയായ വനിതയെ താന്‍ പൊലീസാണെന്ന് വിശ്വസിപ്പിച്ച് അടുപ്പം കാട്ടിയാണ് അഞ്ചുലക്ഷം രൂപയും കാറും കൈക്കലാക്കിയത്. ഹോട്ടലുടമ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ പല ജില്ലകളിലും തട്ടിപ്പുനടത്തിയ വിവരം പുറത്തുവരുന്നത്. ജില്ലാ പൊലീസ് കാര്യാലയത്തിന് സമീപമുള്ള പൊലീസ് സൊസൈറ്റിയില്‍ നിന്നാണ് ബിന്ദുവും സഹായിയായ ഷാജിയും പൊലീസ് യൂണിഫോം വാങ്ങിയത്. തൻ്റെ സഹോദരന്‍ പൊലീസിലാണെന്ന് പറഞ്ഞാണ് ബിന്ദു സാധനങ്ങള്‍ വാങ്ങാനെത്തിയത്. ബിന്ദുവിന്റെ അളവില്‍ ഷൂസെടുക്കുന്നത് കണ്ട് സംശയം തോന്നി ചോദിച്ചപ്പോള്‍ തന്റെ കാലിന്റെ അളവ് തന്നെയാണ് സഹോദരനുമെന്ന് പറഞ്ഞ് ബിന്ദു ജീവനക്കാരെ വിശ്വസിപ്പിക്കുകയായിരുന്നു. സിഐ റാങ്കിലുള്ള യൂണിഫോമിനൊപ്പം ധരിക്കേണ്ട ഷൂസും തൊപ്പിയും സ്റ്റാറുമെല്ലാം വാങ്ങിയാണ് പ്രതികള്‍ ഇവിടെ നിന്ന് മടങ്ങിയത്.

ഹോട്ടലുടമയുടെ പരാതിക്ക് പിന്നാലെ പൊലീസ് ആരംഭിച്ച അന്വേഷണത്തെ തുടര്‍ന്നാണ് ഇവർ പിടിയിലായത്.പൊലീസ് പരിശോധനയില്‍ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയ 50 മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. 5,000 മുതല്‍ 10,000 രൂപവരെ വിലയുള്ള മുദ്രപത്രങ്ങളാണ് കണ്ടെത്തിയത്. കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കാന്‍ ആളുകളുടെ പക്കല്‍നിന്ന് മുദ്രപത്രങ്ങൾ ഒപ്പിട്ട് വാങ്ങിയതായിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. എറണാകുളത്ത് മാത്രം 19.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം.

Related Articles

Back to top button