‘വെളിച്ചം കണ്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്… കാർ എന്റെ തൊട്ടടുത്ത് എത്തിയിരുന്നു…. ഞാൻ ഓടി… എന്നിട്ടും…
കൊച്ചിയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് പരിക്കേറ്റ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് ശുചീകരണത്തൊഴിലാളി നിഷ. ഇടപ്പളളി സ്വദേശിനിയായ നിഷയുടെ കാലിന്റെ എല്ല് പൊട്ടുകയും നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്തു. ഏഴാം തീയതി പുലർച്ചെ എളമക്കരയിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ അപ്പോൾത്തന്നെ കടന്നുകളഞ്ഞു. വാഹനം ഓടിച്ചയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിട്ടയച്ചുവെന്നും നഷ്ടപരിഹാരമോ മറ്റേതെങ്കിലും സഹായമോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും നിഷയുടെ ഭർത്താവ് മാരിയപ്പൻ ആരോപിച്ചു.
അപകടത്തെക്കുറിച്ച് നിഷയുടെ വാക്കുകളിങ്ങനെ ‘വെളിച്ചം കണ്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്. വെളുപ്പിന് മൂന്ന് മണിക്കാണ് സംഭവം. കാർ എന്റെ തൊട്ടടുത്ത് എത്തിയിരുന്നു. ഞാൻ വണ്ടിയുപേക്ഷിച്ച് ഓടി. എന്നിട്ടും കാർ എന്റെ പിന്നിൽ വന്നിടിച്ചു. വീണുകിടക്കുന്നത് കണ്ട് എന്റെ ഹസ്ബൻഡ് ഓടിവന്നു. കാറിൽ നിന്നിറങ്ങിയ ആൾ എന്റെ അടുത്തേക്ക് വന്ന്, ‘ചേച്ചീ ആശുപത്രിയിൽ പോകാം’ എന്ന് പറഞ്ഞു. എന്നിട്ട് വണ്ടിയിൽ കയറി. ഞാനോർത്ത് എന്റെ അടുത്തേക്ക് വരുമെന്ന്. പക്ഷേ വണ്ടിയെടുത്ത് പോയിക്കളഞ്ഞു. വേസ്റ്റ് എടുക്കുന്ന പെട്ടി ഓട്ടോയിൽ കയറി ആദ്യം എളമക്കര പൊലീസ് സ്റ്റേഷനിൽ വന്നു. പരാതി പറഞ്ഞിട്ടും പൊലീസുകാർ ഇറങ്ങി വന്ന് നോക്കിയൊന്നും ഇല്ല. ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു. ഹോസ്പിറ്റലുകാരാണ് നോർത്ത് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. അവര് വിളിപ്പിച്ചിട്ടുണ്ടായിരുന്നു.’