കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം… യുവതി ആശുപത്രി വിട്ടു…

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന യുവതി ആശുപത്രി വിട്ടു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് എം.എസ്.നീതു വീട്ടിലെത്തിയത്. മുറിവിന്റെ വേദനയും ശാരീരിക ബുദ്ധിമുട്ടികളും കാരണം നീതു മാനസികമായും സമ്മർദ്ദത്തിലാണെന്നാണ് വിവരം. മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

അതേസമയം ആരോപണ വിധേയരായ കഴക്കൂട്ടം കുളത്തൂർ കോസ്‌മെറ്റിക് ക്ലിനിക്ക് അധികൃതർക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് നീതുവിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ക്ലിനിക്ക് അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. അതേസമയം, ജില്ലാ എത്തിക്സ് കമ്മിറ്റി നിയോഗിച്ച ഡോക്ടർമാരുടെ വിദഗ്ദ്ധസമിതി നൽകിയ റിപ്പോർട്ടിൽ ക്ലിനിക്ക് അധികൃതരെ സംരക്ഷിക്കുകയാണെന്ന് വിമർശനവും ഉയർന്നിട്ടുണ്ട്. റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് നീതുവിന്റെ കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. തുടർ നടപടികളുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം.

Related Articles

Back to top button