ബലാത്സംഗ ശ്രമം തടുക്കാൻ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക്‌ ചാടി യുവതി.. ​അതിക്രമം ഉണ്ടായത് വനിതാ കോച്ചിൽ യാത്ര ചെയ്യുമ്പോൾ..

ഹൈദരാബാദിൽ ബലാത്സംഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക്‌ ചാടിയ 23 കാരിയ്ക്ക് ഗുരുതര പരിക്ക്. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് മേഡ്ചലിലേക്കുള്ള എംഎംടിഎസ് മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് സർവീസ് ട്രെയിനിൽ വനിതാ കോച്ചിൽ യാത്ര ചെയ്യുമ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് യുവതി മൊഴിനൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 22 നായിരുന്നു സംഭവം.

അൽവാൾ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കോച്ചിൽ ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീ യാത്രക്കാർ ട്രെയിനിൽ നിന്നിറങ്ങി. പിന്നീട് യുവതി മാത്രമായിരുന്നു കോച്ചിലുണ്ടായിരുന്നത്. 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് പെൺകുട്ടിയെ സമീപിക്കുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു. എന്നാൽ യുവതി വിസമ്മതിച്ചതോടെ ബലപ്രയോഗത്തിലൂടെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് സ്വയരക്ഷക്കായി യുവതി ട്രെയിനിൽ നിന്ന് എടുത്തുചാടുകയായിരുന്നു.

തലയിലും താടിയിലും വലതു കൈയിലും ​ഗുരുതരമായി പരിക്കേറ്റ യുവതിയെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് നാലു സംഘങ്ങളായി തിരിഞ്ഞ് പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ, ദൃക്‌സാക്ഷികൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ ഉപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. അക്രമിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും യുവതി വ്യക്തമാക്കിയതായാണ് വിവരം.

Related Articles

Back to top button