ഭാര്യ മദ്യപിച്ചു വീട്ടിൽ പ്രശ്നമായാൽ എന്ത് ചെയ്യും….ഭർത്താവ് ചെയ്യ്തത്….

കാലുകൾ ചങ്ങലയിട്ട് പൂട്ടിയ നിലയിൽ റോഡരികിൽ കണ്ടെത്തിയ സ്ത്രീയെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. സംഭവത്തിൽ ഭർത്താവ് തന്നെയാണ് ഭാര്യയെ ചങ്ങലയിട്ട് പൂട്ടിയത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ഭാര്യ വീട്ടിൽ നിന്നു പുറത്തുപോകാതിരിക്കാനാണ് പൂട്ടിയതെന്നാണ് ഇയാൾ പൊലീസിനോട് പറ‍ഞ്ഞത്.

ശനിയാഴ്ച ഉച്ചയോടെ കൊല്ലങ്കോട് പട്ടണത്തിനടുത്തുള്ള ആനമാറി റോഡിലാണ് തമിഴ്നാട് നാമക്കൽ സ്വദേശിനിയായ 55കാരിയെ കാലുകൾ ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ നാട്ടുകാർ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ഏറെ ശ്രമിച്ചാണ് ചങ്ങലയും പൂട്ടുകളും കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി സ്ത്രീയെ മോചിപ്പിച്ചത്. തുടർന്ന് ഇവരെ പൊലീസിന് കൈമാറി.

ഊട്ടറ പ്രദേശത്ത് ഷെഡ്ഡ് കെട്ടി താമസിക്കുന്ന ദമ്പതികളാണിവർ. ഭാര്യയുടെ അമിത മദ്യപാനം മൂലം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും, ഇതോടെ തനിക്ക് ജോലി ചെയ്യാനും പ്രയാസമുണ്ടാകുന്നുവെന്നും ഭർത്താവ് പൊലീസിനോട് പറഞ്ഞു. മദ്യപിച്ചാൽ ഇവർ വിവസ്ത്രയായി പുറത്തേക്കിറങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതായും ഇയാൾ വ്യക്തമാക്കി. ഇതിനെ തുടർന്നാണ് ജോലി പോകുമ്പോൾ ഭാര്യയുടെ കാലുകൾ പൂട്ടിയതെന്ന് അവകാശപ്പെട്ടു.

കാലിൽ പൂട്ടിയ നിലയിലായിരുന്ന സ്ത്രീ, ഒരു സ്കൂട്ടർ യാത്രക്കാരന്റെ സഹായത്തോടെ സമീപത്തെ വർക്‌ഷോപ്പിന് മുന്നിലെത്തിയതായാണ് വിവരം. സംഭവത്തെ തുടർന്ന് ദമ്പതികളെ വിളിച്ചു വരുത്തി പൊലീസ് ചർച്ച നടത്തി. ഇനിമുതൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാതെ ഇരുവരെയും വിട്ടയച്ചതായി അധികൃതർ അറിയിച്ചു.

Related Articles

Back to top button