ഒൻപത് ലക്ഷവുമായി യുവതി മുങ്ങി…സ്വർണം വിൽക്കാൻ സഹായിക്കാനെത്തിയ പണമിടപാടുകാരൻ…

പണയത്തിലിരിക്കുന്ന സ്വർണമെടുത്ത് വിൽക്കാനെന്ന വ്യാജേന പണമിടപാടുകാരനിൽ നിന്ന് ഒൻപത് ലക്ഷം രൂപയുമായി യുവതിയും സഹായിയും കടന്നുകളഞ്ഞു. പണയസ്വർണം വിൽക്കാൻ സഹായിക്കുന്ന മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയാണ് തട്ടിപ്പിനിരയായത്. ചികിത്സാ ആവശ്യത്തിനെന്ന പേരിൽ സ്വർണം വിൽക്കാൻ സഹായം തേടിയ യുവതിയെ വിശ്വസിച്ച്, എരുമേലിയിലുള്ള സുഹൃത്തിൽ നിന്ന് കടം വാങ്ങിയാണ് ഇദ്ദേഹം ഒൻപത് ലക്ഷം രൂപ കൈമാറിയത്. എരുമേലിയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയമിരിക്കുന്ന സ്വർണം എടുക്കാനായി പണവുമായി അകത്തേക്ക് പോയ യുവതി തിരികെ വരാതായതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

സംഭവം നടന്ന സ്ഥാപനത്തിൽ നടത്തിയ അന്വേഷണത്തിൽ ആരും സ്വർണം പണയം വെച്ചിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എരുമേലി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ധനകാര്യ സ്ഥാപനത്തിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങിയ യുവതി പർദ ഉപയോഗിച്ച് മുഖം മറച്ച് ബൈക്കിൽ കാത്തുനിന്ന യുവാവിനൊപ്പം രക്ഷപ്പെടുന്നതായി കണ്ടെത്തി. എരുമേലി ടൗണും കെ.എസ്.ആർ.ടി.സി ജങ്ഷനും കടന്നുപോയ ഇവരുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതി പർദ ധരിച്ചതും സഹായി ഹെൽമറ്റ് വെച്ചതും കാരണം ഇവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

തട്ടിപ്പിന് പിന്നിൽ കണ്ണൂർ സ്വദേശികളാണെന്നും വലിയൊരു സംഘം ഇതിന് പിന്നിലുണ്ടെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Back to top button